കൊളവള്ളി-മരക്കടവ് പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണം
പുല്പള്ളി: കര്‍ണാടക വനത്തില്‍ നിന്നിറങ്ങുന്ന കാട്ടാനകളെ തടയാന്‍ വനാതിര്‍ത്തിയില്‍ നിര്‍മിച്ച തൂക്കുവേലി തകര്‍ത്ത് കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങുന്നത് പതിവായതോടെ വനാതിര്‍ത്തി മേഖലയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലയില്‍ നിന്നിറങ്ങുന്ന ആനകളാണ് കബനി നീന്തിക്കടന്ന് വേലിയും തകര്‍ത്ത് കൃഷി നശിപ്പിക്കുന്നത്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഒരു വര്‍ഷം മുന്‍പാണ് കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ കടവ് വരെയുള്ള ഭാഗത്ത് കര്‍ണാടക മാതൃകയില്‍ തുക്കുവേലി നിര്‍മിച്ചത്. പുഴയോരത്തു കൂടിയുള്ള വേലിയില്‍ കാര്യമായ വൈദ്യുതി പ്രവാഹമില്ലെന്നു നാട്ടുകാര്‍ പറയുന്നു. മീന്‍ പിടിക്കാനും തോട്ടയിടാനും പുഴയിലിറങ്ങുന്നവര്‍ വേലി കമ്പികള്‍ കൂട്ടി കെട്ടിയിടുന്നതും വൈദ്യുതി പ്രവാഹം തടസപ്പെടാനിടയാക്കുന്നുണ്ട്.
മരക്കടവ് പാടത്ത് ഇക്കൊല്ലം പരമാവധി കര്‍ഷകര്‍ പുഞ്ചകൃഷിയിറക്കിയിരുന്നു. ചക്ക സീസണായതോടെ ആനയുടെ വരവും തുടങ്ങി. എല്ലാവര്‍ഷവും ആന വരുന്ന വഴിയാണിത്. പാടത്തെ കൃഷിക്കു പുറമെ തോട്ടങ്ങളിലെ വാഴ, തെങ്ങ്, കവുങ്ങ് കൃഷികളും നശിപ്പിച്ചു. പുഴയോരത്തെ താമസക്കാരും കാട്ടാന ഭീതിയിലാണ്. തൂക്കുവേലിയുടെ തകരാര്‍ പരിഹരിക്കണമെന്നും സംരക്ഷണം ഉറപ്പാക്കാന്‍ വാച്ചര്‍മാരെ നിയമിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.





Leave a Reply