തകര്‍ന്നു തരിപ്പണമായി ചുഴലി റോഡ്; റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന് നാട്ടുകാര്‍
കല്‍പറ്റ: തകര്‍ന്നു തരിപ്പണമായി കുണ്ടും കുഴികളും രൂപപ്പെട്ട ചുഴലി റോഡില്‍ യാത്ര ചെയ്യണമെങ്കില്‍ തോണി തുഴയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. കാലവര്‍ഷം ശക്തമായതോടെ റോഡിലാകെ കുണ്ടും കുഴികളും രൂപപ്പെട്ട് ചെളിക്കുളമായി മാറി. ഇതുവഴി കാല്‍നടയാത്ര പോലും ദുസഹമായിരിക്കുകയാണ്. കുഴികളില്‍ മഴവെള്ളം കെട്ടിക്കിടന്ന് ബൈക്ക് യാത്രികര്‍ അപകടത്തില്‍ പെടുന്നതും പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്. മുന്‍പ് ഇവിടെ റോഡ് ഉണ്ടായിരുന്നു എന്ന് അറിയാന്‍ ഏതാനും ഭാഗങ്ങളില്‍ അവശേഷിച്ചു കിടക്കുന്ന ടാറിംഗ് ആണ് തെളിവ്. ഈ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
കെ.എസ്.ആര്‍.ടി.സി ഗ്യാരേജ്, ഗോത്ര കോളനി, മില്‍മ ഡയറി, ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. അഞ്ഞൂറിലധികം കുടുംബങ്ങള്‍ റോഡിനു ഇരുവശങ്ങളിലുമായി താമസിക്കുന്നുമുണ്ട്. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ യാത്രാദുരിതം രൂക്ഷമായിരിക്കുകയാണ്. ഇരട്ടിയലധികം ടാക്‌സി കൂലി നല്‍കിയാണ് മേഖലയിലെ ഗോത്രവിഭാഗക്കാര്‍ അടക്കമുള്ളവര്‍ കല്‍പ്പറ്റയിലെത്തുന്നത്. റോഡിന്റെ തുടക്കം മുതല്‍ മില്‍മ ഡയറിക്ക് സമീപം വരെയുള്ള ഒന്നരകിലോമീറ്ററിലധികം ദൂരം ഇരുചക്രവാഹനങ്ങള്‍ക്കു പോലും കടന്നുപോകാന്‍ കഴിയാത്തവിധം തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്.
കെ.എസ്.ആര്‍.ടി.സി ഗ്യാരേജിനു മുന്നില്‍, തോര്യമ്പം കയറ്റം, തോര്യമ്പം കോളനി, ചുഴലി ലൈബ്രറി എന്നീ ഭാഗങ്ങളിലാണു തകര്‍ച്ച കൂടുതല്‍. നിറയെ കുഴികള്‍ രൂപപ്പെട്ട റോഡില്‍ അപകടങ്ങളും പതിവായി. നിരവധിതവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ റോഡ് വീതി കൂട്ടി നവീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.





Leave a Reply