ലഹരി മാഫിയയെ വിറപ്പിച്ച് വയനാട് പോലീസ്: അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ തുടരുന്നു: കാട്ടിക്കുളത്ത് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിലായ സംഭവത്തിൽ വാഹനം കണ്ടുകെട്ടും; കഴിഞ്ഞ ദിവസം മേപ്പാടി പോലീസും സമാന നടപടികളുമായി രംഗത്ത് വന്നിരുന്നു
തിരുനെല്ലി: ലഹരി വിറ്റ് നേടിയതെല്ലാം കണ്ടുകെട്ടി ലഹരിമാഫിയയെ തകർക്കാനുള്ള നീക്കങ്ങൾ തുടർന്ന് വയനാട് പോലീസ്. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ച് ലഹരി വില്പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കാട്ടിക്കുളത്ത് യുവാക്കൾ എം.ഡി.എം.എയുമായി പിടിയിലായ സംഭവത്തിൽ അവർ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനുള്ള നീക്കങ്ങൾ തുടങ്ങി. കഴിഞ്ഞ വർഷം മെയ് 31ന് കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിനു സമീപം 47 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവത്തിലാണ് തിരുനെല്ലി പോലീസിന്റെ നിർണായക നീക്കം.
പനമരം, കൂളിവയൽ സ്വദേശിയായ കുന്നോത്ത് വീട്ടിൽ അഷ്ക്കർ (33), പനമരം കീഞ്ഞുകടവ് സ്വദേശിയായ പട്ടുകത്ത് വീട്ടിൽ മുഹമ്മദ് ആഷിഖ് (30) എന്നിവരെയാണ് തിരുനെല്ലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ VP സാജനും സംഘവും കഴിഞ്ഞ വർഷം പിടികൂടിയത്. ഇവർ സഞ്ചരിച്ച KL 13 Z 1511 നമ്പർ ഇന്നോവ കാർ കണ്ടുകെട്ടുന്നതിനുള്ള റിപ്പോർട്ട് തിരുനെല്ലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്.ഓ ലാൽ സി ബേബി സമർപ്പിച്ചു.
കൂടാതെ, ഇവർ ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൌണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവും. ഇത്തരത്തിൽ ലഹരി സംഘങ്ങളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നീക്കം ജില്ലയിലുടനീളം പോലീസ് തുടങ്ങിയിട്ടുണ്ട്. ഈ മാസം ഏഴിന് മേപ്പാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തിലും പ്രതിക്കെതിരെ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതിയുടെ പേരിലുള്ള കെ എൽ 55 എച്ച് 0064 നമ്പർ മോട്ടോർ സൈക്കിൾ കണ്ടുകെട്ടുന്നതിനുള്ള റിപ്പോർട്ടും ഇതിനോടകം സമർപ്പിച്ചു കഴിഞ്ഞു.
അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ ലഹരികടത്ത് സംഘാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്. ലഹരി സംഘത്തെയും അവരെ സഹായിക്കുന്നവരെയുമടക്കം നിയമം കൊണ്ട് പൂട്ടാനാണ് പൊലിസിന്റെ നീക്കം. ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് വയനാട് പോലീസ് സ്വീകരിക്കുന്നത്. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ ഒരാഴ്ച നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കോമേഴ്ഷ്യൽ ക്വാണ്ടിറ്റിയിൽ കഞ്ചാവും എം.ഡി.എം.എ യും പിടികൂടിയിരുന്നു. ലഹരി മാഫിയയുടെ പേടി സ്വപ്നമായി മാറുകയാണ് വയനാട് പോലീസ്.





Leave a Reply