കുടിവെള്ളമില്ല , നല്ല റോഡും: നഗരത്തിനടുത്തുണ്ട് ഇങ്ങനെയും മനുഷ്യർ പാർക്കുന്ന ഇടം
മാനന്തവാടി: മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്റർ ദൂരമേ കൂവളമൊട്ടംകുന്നിലേക്കുള്ളൂ. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൻ്റെ ചുറ്റുമതിലോടു ചേർന്നു പുഴയോരത്തുകൂടി കടന്നുപോകുന്ന റോഡിലൂടെ ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കൂവളമൊട്ടംകുന്നിലെത്തി.
നഗരത്തോടു ഏറെ അടുത്താണെങ്കിലും നഗരത്തിന്റെ ഒരുബന്ധവും കാണാത്ത പ്രദേശം. പുഴയിൽ വെള്ളം ഉയരുമെന്നു കരുതി സമാധാനത്തോടെ ഉറങ്ങാൻ കഴിയാത്ത നിരവധി കുടുംബങ്ങൾ. കൂവളമൊട്ടംകുന്നിലേക്കുള്ള റോഡിന്റെ അവസ്ഥ പരമദയനീയമാണ്.
മഴപെയ്‌താൽ ഇതുവഴി കാൽനടയാത്ര പോലും പ്രയാസം. കൂവളമൊട്ടംകുന്നിൽ നിന്ന് ബസ് സ്റ്റാൻഡിനു സമീപമെത്തുന്ന റോഡിന്റെ അവസ്ഥയും മറിച്ചല്ല. ചിലയിടത്ത് ഇപ്പോഴും മൺറോഡാണ്. ചെറിയ മഴയെത്തിയാൽ പോലും വഴുതിവീഴുന്ന അവസ്ഥ. മഴ ശക്തമായിപെയ്‌താൽ സ്‌കൂളിനു സമീപത്തുകൂടി പോകുന്ന പുഴയോരത്തെ റോഡിൽ വെള്ളംകയറും. ഈ സമയത്ത് നഗരത്തിലേക്ക് എളുപ്പമെത്താൻ മറ്റൊരു റോഡുണ്ടെങ്കിലും അത് നന്നാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. റോഡു നന്നാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം മുറവിളിയായി ഒതുങ്ങുകയാണ്. മാനന്തവാടി നഗരസഭാധ്യക്ഷയുടെ സ്വന്തം വാർഡി(പെരുവക)ലാണ് ജനം ദുരിതം പേറി ജീവിക്കുന്നത്.
മാനത്ത് കാറും കോളും നിറഞ്ഞാലും പുഴയിലെ ജലനിരപ്പ് ഉയർന്നാലും കൂവളമൊട്ടംകുന്നുകാർക്ക് ആശങ്കയാണ്. അമ്പതിലധികം വീടുകളുണ്ട് പ്രദേശത്ത്. മിക്ക വീടുകളുടെയും പിന്നിലെ ഭാഗം പ്രളയമെടുത്തതാണ്.
‘ഇല്ലാത്തതു പറയരുതല്ലോ? പ്രളയമുണ്ടായ സമയത്തു കുറേ പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ കിട്ടി. അതുമാത്രം കിട്ടിയതു കൊണ്ടു കാര്യമുണ്ടോ? ഒരു അഞ്ചു സെന്റ് സ്ഥലവും വീടും എവിടെയെങ്കിലും തന്നാൽ ഇവിടെ വിട്ടുപോകാമായിരുന്നു’ – പ്രദേശത്തു താമസിക്കുന്ന ആലിക്കപ്പറമ്പിൽ സുഹറ റസാഖ് പറഞ്ഞു.
മുപ്പതു വർഷമെങ്കിലുമായിക്കാണും വാട്ടർടാങ്ക് സ്ഥാപിക്കാനുള്ള സംവിധാനം ഇവിടെ പൂർത്തിയാക്കിയിട്ട്. ഉയരത്തിൽ ടാങ്ക് സ്ഥാപിച്ചു പ്രദേശവാസികൾക്ക് കുടിവെള്ളമെത്തിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും അതൊന്നും യാഥാർഥ്യമായില്ലെന്നു കൂവളമൊട്ടംകുന്നിൽ താമസിക്കുന്നവർ പറഞ്ഞു.





Leave a Reply