നാളെ വോട്ടെണ്ണൽ; വിജയം ഉറപ്പിച്ച് യുഡിഎഫ്
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം നാളെ പുറത്തുവരാനിരിക്കേ വയനാട് മണ്ഡലത്തില്‍ അട്ടിമറി ഉണ്ടാകില്ലെന്ന വിശ്വാസത്തില്‍ യുഡിഎഫ്. 2019ലെ പോലെ മികച്ച ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയക്കൊടി നാട്ടും എന്നുതന്നെയാണ് യുഡിഎഫ് നേതാക്കളും അണികളും വിശ്വസിക്കുന്നത്. വയനാടിനു പുറമേ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മൽത്സരിക്കുന്നുണ്ട്. രണ്ടിടത്തും വിജയിക്കുന്ന പക്ഷം രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ വയനാട് ഉപ തെരഞ്ഞെടുപ്പിലേക്കു നീങ്ങും. ഇതേക്കുറിച്ചും മണ്ഡലത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ച സജീവമാണ്.
ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ എല്‍ഡിഎഫിനു വേണ്ടി ആനി രാജ വീണ്ടും എത്തുമെന്ന് കരുതുന്നവര്‍ മണ്ഡലത്തില്‍ നിരവധിയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്ന് തീര്‍ത്തുപറയാന്‍ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്കു കഴിയുന്നില്ല. പ്രിയങ്ക ഗാന്ധിയോ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയോ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത യുഡിഎഫ് ക്യാമ്പിലുള്ളവര്‍ തള്ളുന്നില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരിക്കും സ്ഥാനാര്‍ഥിയെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലായി ആയിരക്കണക്കിനു വോട്ടര്‍മാരാണ് പോളിംഗ് ബൂത്തില്‍ എത്താതിരുന്നത്. ഇത് തെരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിക്കുമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ കരുതുന്നു.





Leave a Reply