കാട്ടാന ശല്യം; മുഴിമലയിൽ വ്യാപക കൃഷിനാശം
പുൽപ്പള്ളി: പുൽപ്പള്ളി മുഴിമലയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. ഞായറാഴ്ച രാത്രി ഒന്നരയോടെ മൂഴിമല അഖിൽ നിവാസിൽ ഉദയയുടെ വീടിന് മുന്നിലെത്തിയ കാട്ടാന ഒന്നര മണിക്കൂറോളം വീടിനോട് ചേർന്ന് നിലയുറപ്പിക്കുകയും മുറ്റത്തെ കപ്പ, പച്ചക്കറി, വാഴ ഉൾപ്പെടെ നശിപ്പിച്ചു. ആനയെത്തിയതറിഞ്ഞ് ലൈറ്റിട്ട് ബഹളം വെച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ലെന്ന് ഉദയ പറഞ്ഞു.
ഉദയയുടെ അയൽവാസികളായ ബെന്നി, രാജൻ, ഷൈനി എന്നിവരുടെ സ്ഥലത്തും ഇതേ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമാണ് വരുത്തിയത്. ഇവരുടെ തോട്ടത്തിലൈ വാഴ, കാപ്പി ഉൾപ്പെടെയുള്ള കാർഷിക വിളകൾ ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. ആഴ്‌ചകളായി ഈ മേഖലയിൽ ഒറ്റയാനിറങ്ങി വ്യാപക കൃഷിനാശമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.
സന്ധ്യ മയങ്ങുന്നേതോടെ നെയ്ക്കുപ്പ വനത്തിൽ നിന്നും ജനവാസ കേന്ദ്രത്തിലെത്തുന്ന ആന നിരവധി കർഷകരുടെ കൃഷികളാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വേലിയമ്പം മരകാവ് ഭൂതാനം മാരപ്പൻമൂല തുടങ്ങിയ പ്രദേശങ്ങളിൽ ആനയിറങ്ങി ലക്ഷങ്ങളുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്.
കൃഷിയിടത്തിലിറങ്ങുന്ന ശല്യക്കാരായ ആനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനും വനാതിർത്തിയിൽ തകർന്നു കിടക്കുന്ന ട്രഞ്ചും ഫെൻസിംഗും നന്നാക്കുന്നതിന് വനം വകുപ്പ് തയ്യാറാകുന്നില്ലെന്നതാണ് കർഷകരുടെ പരാതി. കാട്ടാന ശല്യം ദിനം പ്രതി വർധിച്ചേതോടെ പ്രദേശവാസികൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്.





Leave a Reply