കുടക് മരണം, അവിവാഹിത അമ്മമാർ; മന്ത്രി മണ്ഡലത്തിൽ പരിഹാരമുണ്ടാകുമോ?

കൽപ്പറ്റ: കർണാടകയിലെ കുടകിൽ കൃഷിപ്പണിക്കുപോയി ദുരൂഹ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ മരണപ്പെട്ടത് മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ നിന്നുള്ളവരാണ്. സന്നദ്ധ സംഘടനയായ ‘നീതിവേദി’യുടെ സർവേ പ്രകാരം 2005-2007 കാലയളവിൽ ഇത്തരത്തിൽ 122 ആദിവാസികൾ മരണപ്പെട്ടു.
തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ട് നടപടികൾ ശക്തമാക്കിയതോടെ ഇത്തരം സംഭവങ്ങൾ കുറഞ്ഞു. എന്നാൽ, ജാഗ്രത ഇല്ലാതായതോടെ സ്ഥിതി മാറി. 10 മാസം മുമ്പ് ബാവലി ഷാണമംഗലം കോളനിയിലെ ബിനീഷിനെ (30) കുടകിൽ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. കുടകിലെ ദുരൂഹ മരണങ്ങളിലും സർക്കാറിന്റെ പക്കൽ കൃത്യമായ കണക്കുകളില്ല.
ഈ സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ളതും പട്ടികവർഗ വിഭാഗക്കാരനുമായ സി.പി.എമ്മിന്റെ ആദ്യ മന്ത്രി ഒ.ആർ കേളുവിന് മുന്നിലുള്ളത് അടിയന്തരമായി നടപടിയെടുക്കേണ്ട പ്രശ്നങ്ങൾ. ജില്ലയിലെ അവിവാഹിത ആദിവാസി അമ്മമാരുടെ പ്രശ്നങ്ങളും കുടകിലെ കൃഷിയിടങ്ങളിൽ കൊല്ലപ്പെടുന്ന ആദിവാസികളുടെ എണ്ണവുമെല്ലാം ഇതിൽ ചിലത് മാത്രം.
മന്ത്രിയുടെ മണ്ഡലംകൂടിയായ മാനന്തവാടിയിലെ തിരുനെല്ലി പഞ്ചായത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അവിവാഹിത ആദിവാസി അമ്മമാരുള്ളത്. പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പിന്റെ പുതിയ മന്ത്രിയായി ചുമതലയേറ്റ കേളു, 2005-ലും 2010ലുമായി തുടര്ച്ചയായി 10 വര്ഷം ഈ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു.
2016-ൽ അന്നത്തെ മന്ത്രി എ.കെ ബാലൻ നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം കേരളത്തിൽ ആകെ 1070 അവിവാഹിതരായ ആദിവാസി അമ്മമാരുണ്ട്. എന്നാൽ, ഔദ്യോഗിക കണക്കിനേക്കാൾ ഏറെ കൂടുതലാണ് ഇവരുടെ എണ്ണമെന്ന് സന്നദ്ധ സംഘടനകൾ പറയുന്നു.
ആദിവാസി പെൺകുട്ടികളുടെ നിഷ്കളങ്കത മുതലെടുത്താണ് പുറമെ നിന്നുള്ളവർ ഇവരെ ലൈംഗികമായി ദുരുപയോഗിക്കുന്നതും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതോടെ കുറ്റക്കാർ രക്ഷപ്പെടുന്നതും, യുവതികൾ അവിവാഹിത അമ്മമാരായി മാറുകയും ചെയ്യുന്നത്.
ഇവർക്ക് സ്വയംതൊഴിൽ അടക്കമുള്ള പുനരധിവാസ പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ കൈയ്യിൽ കൃത്യമായ കണക്കില്ലാത്തതിനാൽ അർഹതപ്പെട്ട നിരവധിപേർ പുറത്താണ്. ‘സ്നേഹസ്പർശം’ എന്ന പേരിൽ സാമൂഹിക സുരക്ഷ മിഷൻ മുഖേന പ്രതിമാസം ആയിരം രൂപ നൽകുന്ന പെൻഷൻ പദ്ധതിയും ഇവർക്കായുണ്ട്.
2014-ലെ കണക്കുകളിൽ തിരുനെല്ലിയിൽ ഇത്തരം 68 അമ്മമാരാണുള്ളതെന്നും പെൻഷ ൻ വാങ്ങുന്നവർ പത്തുപേർ മാത്രമാണെന്നും മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫിസ് അധികൃതർ പറഞ്ഞു. ഇതിന് കീഴിലുള്ള മറ്റ് പഞ്ചായത്തുകളിലായി ഏഴുപേർക്കാണ് പെൻഷൻ കിട്ടുന്നത്. അർഹരായവരെ സർക്കാർ കണക്കുകളിൽ ഉൾപ്പെടാത്തതാണ് പെൻഷൻ അടക്കം ലഭിക്കാത്തതിന് കാരണം.
Leave a Reply