May 22, 2026

നിപ്പ വൈറസ് ഭീതിമൂലം വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായെന്ന് ടൂറിസം അസോസിയേഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നിപ്പ വൈറസ് ഭീതിമൂലം ജില്ലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായെന്ന് ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളെ സര്‍ക്കാരുകള്‍ വിലക്കുന്ന സ്ഥിതിയാണുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്ന റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും ഇപ്പോള്‍ റദ്ദ് ചെയ്യുകയാണ്. 
    
     വന്‍ സാമ്പത്തിക നഷ്ടമാണ് ടൂറിസം മേഖലയ്ക്ക് ഇപ്പോള്‍ സംഭവിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മാന്ദ്യം മറികടക്കാന്‍ ശ്രമിക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും ഈ മേഖലയ്ക്ക് കൂടുതല്‍ ദോഷം ചെയ്യുന്നുണ്ട്. ഇവിടം സന്ദര്‍ശിച്ച് മടങ്ങുന്നവരുടെ അഭിപ്രായം കേട്ട് വയനാട് സന്ദര്‍ശിക്കാന്‍ എത്തുന്നവരെ കാത്തിരിക്കുന്നത് നിയന്ത്രണങ്ങളാണ്. 
      ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുറുവ, സൂചിപ്പാറ, തോല്‍പ്പെട്ടി, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം സന്ദര്‍ശകര്‍ക്ക് വിനയാവുകയാണ്. റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും യാത്ര ചെയ്ത് എത്തുന്നവര്‍ പുലര്‍ച്ചെ എഴുനേറ്റ് ടിക്കറ്റ് എടുക്കാന്‍ പോകേണ്ട അവസ്ഥയാണ്. പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങളായ ചെമ്പ, ബാണാസുര, ബ്രഹ്മഗിരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രക്കിംഗ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വനംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളിലുള്ള നിയന്ത്രണമാണ് സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. 
      ബാണാസുര  ഡാം സന്ദര്‍ശിക്കാന്‍ മുമ്പുള്ള ചാര്‍ജ് നിലനിര്‍ത്തി പുഷ്‌പോത്സവം കാണാന്‍ വേറെ കൗണ്ടര്‍ ഏര്‍പ്പെടുത്തണം. 
        ഹോംസ്‌റ്റേ, റിസോര്‍ട്ട് മേഖല നേരിടുന്ന പ്രതിസന്ധിയില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഉടമകള്‍ നിര്‍ബന്ധിതരാവുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. 
      വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അലി ബ്രാന്‍, സെക്രട്ടറി നെബു വിന്‍സെന്റ്, സുബൈര്‍ ഇളകുളം, സന്തോഷ് പട്ടേല്‍, അരുണ്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *