ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം: നൈപുണ്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും
ട്രാന്‍സ്‌ഫോമേഷന്‍ ഓഫ് ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നൈപുണ്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ദേശീയ റാങ്കിംഗില്‍ ജില്ല അഞ്ചാം സ്ഥാനാത്താണെങ്കിലും നൈപുണ്യ വികസനത്തില്‍ പിന്നിലാണ്. രാജ്യത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് യോഗം ചേര്‍ന്നത്. കേന്ദ്ര സംഘത്തിനു മുമ്പാകെ സമര്‍പ്പിക്കേണ്ട നൈപുണ്യ വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപികരിക്കാന്‍ ജില്ലാതല സമിതി രൂപികരിക്കും. സാങ്കേതിക തൊഴില്‍ പരിശീലനത്തില്‍ നിന്നും ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ താമസിച്ച് പരിശീലനം നല്‍കാനുള്ള സാദ്ധ്യതകളും പരിശോധിക്കും. പരിശീലനത്തിനു ശേഷം ജോലി സാദ്ധ്യത ഉറപ്പാക്കാന്‍ മറ്റ് ഏജന്‍സികളുടെ സേവനം ഉപയോഗപ്പെടുത്തും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ഉപകരണങ്ങളുടെ കിറ്റു നല്‍കുന്നതു ജോലിയില്‍ തുടരാന്‍ അവരെ പ്രാപ്തമാക്കുമെന്നും യോഗം വിലയിരുത്തി.
നൂല്‍പ്പുഴ മാതൃകയില്‍ കൂടുതല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ മാറ്റാനും പിന്നാക്ക മേഖലയിലെ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ പോസ്‌റ്റോഫീസുകളില്‍ തപാല്‍ ബാങ്കിംഗ് സേവനം നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങളും സംഘത്തിനു മുമ്പാകെ സമര്‍പ്പിക്കും. കേന്ദ്രസംഘത്തിനു മുമ്പാകെ പുതിയ സ്‌കീമുകള്‍ നിര്‍ദ്ദേശിക്കാനുള്ള അവസരം ഉപയോഗപ്പെടുത്താന്‍ കര്‍മ്മ പരിപാടി തയ്യാറാക്കാനും ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട പദ്ധതികളിലൂടെ കൂടുതല്‍ തുക കണ്ടെത്തി ജില്ലയുടെ സമഗ്രവികസനത്തിനായി ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. പ്രധാന്യം അര്‍ഹിക്കുന്ന മേഖലകള്‍ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനും സംഘത്തിന് സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കാനും യോഗത്തില്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.





Leave a Reply