May 16, 2024

നാരോക്കടവ് ക്വാറിക്ക് എതിരെ കോടതിയെ സമീപിക്കും:സംരക്ഷണ സമിതി

0
കല്‍പ്പറ്റ: നാരോക്കടവ് ക്വാറി അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്നതിന് മാനന്തവാടി തഹസില്‍ദാര്‍ ഒത്താശ ചെയ്യുകയാണെന്ന് നാരോക്കടവ് മലയോരസംരക്ഷണ സമിതി. ജിയോളജി വകുപ്പുദ്യോഗസ്ഥരും ക്വാറി ഉടമക്ക് വേണ്ടി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വളച്ചൊടിക്കുകയാണെന്നും സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിയമങ്ങള്‍ പൂര്‍ണമായും അട്ടിമറിച്ചാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ഇതു സംബന്ധിച്ച് മൂന്നു തവണ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ജില്ലാ കലക്ടര്‍ അന്വേഷണത്തിന് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും അന്വേഷണം നടത്തുന്നതില്‍ തഹസില്‍ദാര്‍ ഗുരുതരമായ വീഴ്ച വരുത്തുകയാണ്. വീടു വെച്ച് താമസിക്കുന്നതിനും കൃഷി ചെയ്യുന്നതിനും മാത്രം അനുമതിയുള്ള റവന്യു ഭൂമിയില്‍ നിന്നാണ് ഖനനം നടത്തുന്നത്. നിലവില്‍ ഖനനം നടക്കുന്ന ഭൂമിയുമായി അതിരിടുന്ന സ്ഥലത്ത് പാറ പൊട്ടിക്കുന്നതിന് ഈ സ്ഥലത്തിന്റെ ഉടമ വണ്ടന്‍കുഴി ജോസ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. 2014 ഓഗസ്ത് 19നാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ പട്ടയഭൂമിയായതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് അന്ന് ജില്ലാ കലക്ടര്‍ രേഖാമൂലം നല്‍കിയ മറുപടി. എന്നാല്‍ ഇതേ സ്വഭാവമുള്ള ഭൂമിയില്‍ നിന്നാണ് നിലവില്‍ നിര്‍ബാധം ഖനനം നടത്തുന്നത്. നിലവില്‍ ക്വാറി പ്രവര്‍ത്തിക്കുന്ന ഭൂമിക്ക് കാലങ്ങളായി നികുതി സ്വീകരിക്കുന്നില്ലെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു. നേരത്തെ, ലൈസന്‍സ് പുതുക്കി കിട്ടുന്നതിന് ഉടമ അപേക്ഷ നല്‍കിപ്പോള്‍ ലീസ് പ്രകാരം സ്ഥലത്തെ മുഴുവന്‍ പാറയും ഖനനം ചെയ്തു കഴിഞ്ഞെന്നും ഇക്കാരണത്താല്‍ പുതുക്കി നല്‍കാന്‍ കഴിയില്ലെന്നുമാണ് വില്ലേജ് ഓഫിസര്‍ നല്‍കിയ മറുപടി. എന്നാല്‍ തഹസില്‍ദാര്‍ ഇടപെട്ട് ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു. ഓരോ വര്‍ഷവും പുതിയ സ്‌കെച്ചുണ്ടാക്കി നിയമം ലംഘിച്ച് അനുമതി സമ്പാദിക്കുകയാണ് ചെയ്യുന്നത്. റവന്യു ഭൂമിയില്‍ നിന്നും അനധികൃതമായി പാറ പൊട്ടിച്ചതിന് ഉടമ പിഴ അടച്ചിട്ടുണ്ട്. 12 ലക്ഷം രൂപയാണ് അടച്ചത്. യാഥാര്‍ത്ഥ കണക്കുകള്‍ പ്രകാരം ഒരു കോടിയോളം രുപയാണ് അടക്കേണ്ടത്. പിഴ എത്രവേണമെങ്കിലും അടക്കാമെന്നും അനുമതി നിഷേധിക്കരുതെന്നും ആവശ്യപ്പെട്ട് ഉടമ ജിയോളജി വകുപ്പിന് സ്വന്തം  കൈപ്പടയില്‍ എഴുതിയ കത്ത് തങ്ങളുടെ കൈവശമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഖനനം നടത്തിയ സ്ഥലത്ത് പുറത്തു നിന്നും മണ്ണെത്തിച്ച് നിറച്ചിരിക്കുകയാണ്. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍ഡിഒ ഉടമക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി പോലും ഇല്ലാതെയാണ് നിലവില്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ആഗസ്തില്‍ ഖനനം നടക്കുന്ന ഭൂമിയോട് ചേര്‍ന്ന മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ പി കെ ഗോപിയുടെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. നിരവധി സ്ഥലത്തെ ഭൂമി നിരങ്ങി നീങ്ങി. കഴിഞ്ഞ ദിവസം നിയമസഭാ സിമിതി ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ ക്വാറി പ്രവര്‍ത്തനത്തിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായിട്ടില്ലെന്നാണ് ജില്ലാ കലക്ടര്‍ നിയമസഭാസമിതി  മുന്‍പാകെ ബോധിപ്പിച്ചത്. 2009 ല്‍ 500 മീറ്റര്‍ ദൂരത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചീര എന്ന ആദിവാസി വീട്ടമ്മ മരണപ്പെട്ടിരുന്നു. ഇതെല്ലാം മറച്ചുവെച്ചാണ് കലക്ടര്‍ തെറ്റായ മറുപടി നല്‍കിയത്. ഇവിടെ നിന്നും ഏകദേശം 200 മീറ്റര്‍ ആകാശ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന അത്താണി ക്വാറിയുടെ പ്രവര്‍ത്തനം നിലവില്‍ നിരോധിച്ചിരിക്കുകയാണ്. ബാണാസുരന്‍ മലയടിവാരത്ത് യാതൊരുതരത്തിലുള്ള ഖനനവും പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്ന നിരവധി പഠന റിപ്പോര്‍ട്ടുകളും ഉത്തരവുകളും നിലവിലുണ്ട്. ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. വീടുകളുടെ ചുമരുകള്‍ വിണ്ടുകീറുന്നതും വീടിനകത്തേക്ക് കരിങ്കല്‍ ചീളുകള്‍ തെറിക്കുന്നതും പതിവായപ്പോഴാണ് മലയോരസംരക്ഷണ സമിതി പ്രക്ഷോഭവുമായി രംഗത്തെത്തിയത്. എന്നാല്‍, പുറമെ നിന്നുള്‍പ്പടെ ആളുകളെ എത്തിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ക്വാറിക്കെതിരായ സമരങ്ങളെ നേരിടാനാണ് ഉടമയുടെ നീക്കം. അനധികൃത ക്വാറി പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടും ഇതിന് ഒത്താശ ചെയ്യുന്ന തഹസില്‍ദാര്‍ക്കും  ജിയോളജി വകുപ്പുദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ വി പുരുഷോത്തമന്‍, എം സി സ്റ്റീഫന്‍, കെ എന്‍ സുഭാഷ്, ജോസ് മാളികപ്പുറത്ത് പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *