May 21, 2026

കമ്മന ലിറ്റിൽ ഫ്ളവർ ദേവാലയ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മെയ് 24-ന് തുടക്കമാകും

0
IMG_20260521_184247
By ന്യൂസ് വയനാട് ബ്യൂറോ

കമ്മന: വികസനത്തിൻ്റെയും വിശ്വാസത്തിൻ്റെയും അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട കമ്മന ലിറ്റിൽ ഫ്ളവർ ദേവാലയത്തിൻ്റെ സുവർണ്ണ ജൂബിലിയാഘോഷങ്ങൾക്ക് മെയ് 24-ാം തീയതി ഞായറാഴ്‌ച തുടക്കമാകും. മാനന്തവാടി രൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ അലക്‌സ് താരാമംഗലം പിതാവാണ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഒരുവർഷം നീണ്ടു നിൽക്കുന്ന ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആധ്യാത്മികം, ഭൗതികം, ജീവകാരുണ്യം, കലാസാംസ്‌കാരികം, സാമൂഹികം എന്നിങ്ങനെ അഞ്ചുമേഖലകളിലായി 50 ഇന പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഭവനനിർമ്മാണ സഹായം, ജീവൻ രക്ഷാ സംവിധാന ഉപകരണങ്ങൾ, ഡയാലിസിസ് സഹായം തുടങ്ങിയ പ്രവർത്തനങ്ങൾ ജീവകാരുണ്യമേഖലയിലെ പ്രധാന ആകർഷണങ്ങളാണ്. കഴിഞ്ഞ 50 വർഷങ്ങളായി കമ്മന ഇടവകയിലൂടെ സഭയ്ക്കും സമൂഹത്തിനും ദൈവം നൽകിയ നന്മകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിപറയുവാനും, ഇടവകയുടെ വളർച്ചയിൽ വിവിധ തരത്തിൽ സഹായിച്ചവരെ ആദരിക്കുവാനും, മൺമറഞ്ഞുപോയ പൂർവ്വീകരുടെ പാവനസ്‌മരണയ്ക്കുമുമ്പിൽ പ്രണാമം അർപ്പിക്കുവാനും ജൂബിലിയാഘോഷങ്ങൾ ലക്ഷ്യമിടുന്നു. ഇടവകയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ “സ്നേഹത്തിൽ പ്രവർത്തന നിരതമാകുന്ന വിശ്വാസം” എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ കർമ്മവീഥിയിൽ കൊണ്ടുവരുവാനുള്ള പദ്ധതികളാണ് സുവർണ്ണ ജൂബിലി ആഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

1976ൽ മാനന്തവാടി രൂപതയിൽ സ്ഥാപിതമായ കമ്മന ഇടവക, വളർച്ചയുടെ അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ നിലവിൽ 13 യൂണിറ്റുകളിലായി 256 കുടുംബങ്ങൾ ഉൾപ്പെടുന്ന ഒരു വിശ്വാസ സമൂഹമായി വളർന്നിട്ടുണ്ട്. പ്രഥമ വികാരിയായിരുന്ന മോൺ. ജോസഫ് കണിയാംമറ്റം അച്ചനും തുടർന്ന് വന്ന 15 ഇടവക വികാരിമാരും ഇടവകയ്ക്കും കമ്മന പ്രദേശത്തിനും നിസ്‌തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇടവകയുടെ ആരംഭംമുതൽ സേവനം അനുഷ്‌ഠിച്ചുവരുന്ന ക്രിസ്തുദാസി സന്ന്യാസിനി സമൂഹത്തിൻ്റെ സാന്നിദ്ധ്യവും ഇടവകയുടെ വളർച്ചയ്ക്ക് നിദാനമായി. നാളിതുവരെയായി 4 വൈദികരും, വിവിധ സന്ന്യാസസമൂഹങ്ങളിലായി 12 സമർപ്പിതരും സഭാസേവനത്തിനായി ഈ ഇടവകയിൽ നിന്ന് ദൈവവിളി സ്വീകരിച്ച് ശുശ്രൂഷ ചെയ്‌തുവരുന്നുണ്ട്; കൂടാതെ 2 വൈദികാർത്ഥികളും ഇടവകയിൽനിന്നും പൗരോഹിത്യപരിശീലനം നടത്തിവരുന്നു. ഇടവകവികാരി ഫാ. ഇമ്മാനുവൽ അറയ്ക്കപറമ്പിലിൻ്റെ നേതൃത്വത്തിൽ വിപുലമായ ജൂബിലി ആഘോഷകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഫാ. എമ്മാനുവേൽ അറയ്ക്കപ്പറമ്പിൽ, കൈക്കാരൻമാരായ ഷാജി മാതേക്കൽ, ബേബി പാലമറ്റം, പാരിഷ് സെക്രട്ടറി ജോസ് കുന്നത്തുകുഴി, ജനറൽ കൺവീനർ ഔസേപ്പ് ഇണ്ടിക്കുഴ, പബ്ലിസിറ്റി കൺവീനർ സിജിൻ കൂടക്കാട്ട് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *