ചെട്ടിയാലത്തൂരിൽ പുത്തരിയുത്സവം ആഘോഷിച്ച് കർഷകർ

ബത്തേരി : വയനാട് വന്യജീവി കേന്ദ്രത്തിന്റെ മധ്യത്തിലുള്ള ചെട്ടിയാലത്തൂരിലെ കർഷകർ ഇത്തവണയും തുലാപ്പത്തിന് പുത്തരി ഉത്സവം നിറഞ്ഞ ഉത്സാഹത്തോടെ ആഘോഷിച്ചു. സ്വയം സന്നദ്ധ പുനരധിവാസപദ്ധതി നടപ്പിലാക്കി വരുന്ന ചെട്ടിയാലത്തൂരിൽ ഇനി ഏഴ്കുടുംബങ്ങളേ ശേഷിച്ചിട്ടുള്ളൂ എങ്കിലും കാടിനു വെളിയിൽ പോയവരെയ്യാം അതികാലത്തേ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതികാലത്തേ കുളിച്ച് വൃതനിഷ്ടയോടെ പുരുഷന്മാർ മുഴുവൻ വയലിലെത്തി നെൽക്കതിർ പറിക്കുന്നു. കർഷകരായ ചെട്ടിമാർക്കൊപ്പം കർഷകത്തൊഴിലാളികളായ പണിയ – കാട്ടുനായ്ക്ക വിഭാഗക്കാരുമുണ്ടാകും. ആദിവാസികൾക്ക് നേതൃത്വം നൽകുന്നത് ആലത്തൂർ ചേറ്റടിയനാണ്. ഇത്തവണ മുതലി (ഗോത്രത്തലവൻ) ബൊമ്മനാണ് ക്ഷേത്രത്തിൽ സൂക്ഷിച്ച വെള്ളിവള ധരിച്ച് കതിരു പറിക്കാനും ചടങ്ങുകൾക്കും നേതൃത്വം കൊടുത്തത്.
പറിച്ചെടുത്ത കതിരുകൾ ഭക്തിയാദരപുരസ്സരം തലയിൽ ചുമന്ന് ആലത്തൂർ തോട് മുറിച്ചു കടന്ന് ബന്ധിപ്പൂർ – മുതുമല – വയനാട് വനമദ്ധ്യത്തിലെ പനങ്കുന്നൻ മുടിയുടെ മദ്ധ്യഭാഗത്തുള്ള കൂറ്റൻ പാറയ്ക്കരികിലെ പനങ്കുന്നൻ തറയിൽ എത്തിക്കുന്നു. പനങ്കുന്നനാണ് ചെട്ടിയാലത്തിരിന്റെ അധിദേവത.



Leave a Reply