ജലവിതാന നിരീക്ഷണം; ജല്‍ദൂത് ആപ് വഴി വിവര ശേഖരണം തുടങ്ങി

തരിയോട് : ഭൂഗര്‍ഭ ജലനിരപ്പ് നിരീക്ഷിക്കുന്ന ജല്‍ദൂത് ആപ് വഴിയുള്ള വിവര ശേഖരണത്തിന് ജില്ലയില്‍ തുടക്കം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഓവര്‍സീയര്‍മാരെ ഉപയോഗപ്പെടുത്തിയാണ് വിവര ശേഖരണം നടത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പ് അപകടകരമാം വിധം താഴുന്ന പശ്ചാത്തലത്തിലാണ് ജലവിതാന ശോഷണം നിരീക്ഷിക്കുന്നതിനായി ആപ്ലിക്കേഷന്‍ വഴി വിവര ശേഖരണം നടത്തുന്നത്. ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രാലയമാണ് ജല്‍ദൂത് ആപ്പ് തയ്യാറാക്കിയത്.
വിവര ശേഖരണത്തിന്റെ ഭാഗമായി ഓരോ വില്ലേജില്‍ നിന്നും രണ്ട് തുറന്ന കിണറുകള്‍ തിരഞ്ഞെടുത്ത് വര്‍ഷത്തില്‍ രണ്ടുതവണ (മണ്‍സൂണിന് മുമ്പും ശേഷവും) അളന്ന് ഡാറ്റാ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. ഇത്തരത്തില്‍ രേഖപ്പെടുത്തിയ ഡാറ്റാ നാഷണല്‍ വാട്ടര്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ ഡാറ്റാബേസുമായി സംയോജിപ്പിക്കുകയും വിവിധതലങ്ങളില്‍ പദ്ധതി ആസൂത്രണങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുത്തുകയും ചെയ്യും. ജില്ലയില്‍ മണ്‍സൂണ്‍ശേഷം ഉള്ള വിവരശഖരണം ഒക്ടോബര്‍ 31 നകം പൂര്‍ത്തികരിക്കും.



Leave a Reply