August 5, 2026

ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണ്ണാടക സർക്കാറിന്റെ അനുമതി

0
WhatsApp Image 2026-08-05 at 8.22.22 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബൈരക്കുപ്പ പാലം നിർമ്മാണത്തിന് കർണ്ണാടക സർക്കാറിന്റെ എൻ.ഒ.സി (നിരാക്ഷേപ പത്രം) ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി
കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അനുമതി ലഭിച്ചത്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ കർണ്ണാടക സർക്കാറുമായി നേരത്തെ നടത്തിയ ചർച്ചയിൽ വിഷയം മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ച് നിർദേശങ്ങൾ നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിനടിസ്ഥാനത്തിലാണ് നിർമ്മാണ പ്രവർത്തനത്തിന് അനുമതി ലഭിച്ചത്.
കേരളത്തിനും കർണ്ണാടകയ്ക്കും ഇടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന അന്തർ സംസ്ഥാന പാലം വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും മൈസൂർ ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. 36 വർഷം മുൻപാണ് പാലം നിർമ്മാണത്തിന് തറക്കല്ലിട്ടത്. തുടർന്ന് 2002 മാർച്ച് 15 ന് കേന്ദ്ര ഷിപ്പിംഗ്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പദ്ധതിയ്ക്ക് അംഗീകാരം നൽകി. കേരളത്തിൻ്റെ ഭാഗത്ത് നിന്നുള്ള അപ്രോച്ച് റോഡ് ഇതിനകം പൂർണ്ണമായും പൂർത്തിയായിട്ടുണ്ട്. പദ്ധതി പൂർത്തീകരണം കർണ്ണാടകയിലെ അനുബന്ധ പാതയുടെ നിർമ്മാണത്തെ ആശ്രയിച്ചായതിനാൽ കർണ്ണാടക പാതയിലെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാനാവശ്യമായ പാരിസ്ഥിതിക അനുമതികൾ വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ കർണ്ണാടക സർക്കാരിന് നേരത്തെ കത്ത് നൽകിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പാലം യാഥാർത്ഥ്യമായാൽ ദീർഘ കാലമായുള്ള നിരവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ഭാഗങ്ങളുമായി മൈസൂറിനെയും ബാംഗ്ലൂരിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബദൽ പാതയായി പാലം പ്രവർത്തിക്കും. നിലവിൽ ദേശീയപാത 766 ൽ ബന്ദിപ്പൂർ വനമേഖലയിൽ നിലവിലുള്ള രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടന്ന് ഗതാഗതം സുഗമമാക്കാനും സഹായകമാകും. ബംഗളുരുവിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കുന്നതോടൊപ്പം യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *