June 10, 2023

വന്യമൃഗശല്യം- സര്‍ക്കാര്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അടിയന്തിരമായി പ്രഖ്യാപിക്കണം: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ

0
IMG_20221031_184217.jpg
  കല്‍പ്പറ്റ: ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന വന്യമൃഗ ശല്യം തടയുന്നതിന് വേണ്ടി നാടും, കാടും വേര്‍തിരിക്കുകയും അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
      നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും വന്യജീവി ആക്രമണങ്ങളും അതുമൂലം ഉണ്ടാകുന്ന കെടുതികളും നിലനില്‍ക്കുന്ന സ്ഥലങ്ങളാണ്. 75 കി. മീറ്ററോളം ദൂരം വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പ്രസ്തുത പ്രദേശങ്ങളില്‍ വസിക്കുന്ന കര്‍ഷകരും, തോട്ടം തൊഴിലാളികളും, ഗോത്രവര്‍ഗ വിഭാഗത്തിലുള്ളവരുള്‍പ്പെടെ വന്യമൃഗശല്യം മൂലം വളരെയധികം ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കടുവാ ആക്രമണം മൂലം അമ്പതിലധികം ആക്രമണങ്ങളാണ് സൗത്ത് വയനാട് ഡിവിഷനില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ മൂന്ന്  അക്രമണങ്ങള്‍ നടത്തിയ കടുവകളെ മാത്രമാണ് കൂട് വെച്ച് പിടിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ പൂര്‍ണ്ണമായും  പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാട്ടാനകളുടെ ആക്രമണം നിരന്തരം ഉണ്ടായികൊണ്ടിരിക്കുകയാണ്. ആളുകളെ അക്രമിക്കലും, വിള നശിപ്പിക്കലും നിത്യസംഭവമായി മാറിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനം വളരെ ഭീതിയിലും, കടുത്ത പ്രയാസത്തിലുമാണ്. കല്‍പ്പറ്റ, മേപ്പാടി റേഞ്ചുകള്‍ക്ക് കീഴില്‍ വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാവാത്ത ദിവസങ്ങള്‍ വളരെ കുറവാണ്. സൗത്ത് വയനാട് ഡിവിഷനില്‍ ആവശ്യത്തിനുള്ള ജീവനക്കാരുടെ അപര്യാപ്തതയും, അത്യാധുനിക വാഹനങ്ങളുടെയും ഉപകരണങ്ങളുടേയും കുറവ് മൂലം ആക്രമണം ഉണ്ടാകുന്ന സമയത്ത് താല്‍കാലികമായി തട്ടികൂട്ടുന്ന സംവിധാനമായതിനാല്‍ ധ്രുതഗതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ വളരെ ഗുരുതരമായ സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത്തരം ഒരു പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക രീതിയിലുള്ള ഉപകരണങ്ങളും, വാഹനങ്ങളും ഉള്‍പ്പെടെയുള്ള ഫുള്‍ ഫ്‌ളെഡ്ജിഡ്  ആയിട്ടുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സര്‍ക്കാര്‍ അടിയന്തിര ഉത്തരവിലൂടെ പ്രഖ്യാപിച്ച് ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം കൊടുക്കണമെന്നും  എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
      നിയോജകമണ്ഡലത്തിലെ മേപ്പാടി ഫോറസ്റ്റ് റേഞ്ചിന്റെ കീഴില്‍ വൈത്തിരി, മുണ്ടകൈ പ്രദേശങ്ങളിലാണ് നിലവില്‍ ഫോറസ്റ്റ് സ്റ്റേഷനുകളുള്ളത്. കല്‍പ്പറ്റ റേഞ്ചിന്റെ കീഴില്‍ നിലവില്‍ സ്റ്റേഷനുകളില്ല. അതിനാല്‍ തന്നെ വന്യജീവി അക്രമണങ്ങള്‍ നടക്കുന്ന പ്രസ്തുത റേഞ്ചില്‍ സ്റ്റേഷനുകള്‍ അനുവദിക്കേണ്ടതായിട്ടുണ്ട്. പൊഴുതന, പടിഞ്ഞാറത്തറ ഉള്‍പ്പെടെ ഗ്രാമപഞ്ചായത്തുകളില്‍ സ്റ്റേഷനുകള്‍ അനുവദിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പമാകും. നിലവിലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ഫോറസ്റ്റ് ഗാര്‍ഡുമാര്‍ മറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ പുതുതായി ഉദ്യോഗസ്ഥരെ ആവശ്യത്തിനനുസരിച്ച് നിയമിക്കുകയാണെങ്കില്‍ ധ്രുതഗതിയില്‍ അക്രമണം നടന്ന സ്ഥലത്ത് എത്തുവാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സാധിക്കുമെന്നും എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
     അതോടൊപ്പം തന്നെ വന്യമൃഗശല്യം, കൃഷി നാശം, വളര്‍ത്ത് മൃഗങ്ങളെ നഷ്ടപ്പെടല്‍, മനുഷ്യര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ മൂലമുണ്ടാകുന്ന പരിക്കുകള്‍, ജീവഹാനി തുടങ്ങിയവയ്ക്ക് മുന്‍ നിശ്ചയിച്ച തുകയാണ് വളരെ താമസിച്ച് ലഭ്യമാകുന്നത്. നിലവില്‍ 2019 ല്‍ ഉണ്ടായിട്ടുള്ള വന്യജീവി ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ക്കുള്ള തുകയാണ് നിലവില്‍ കൊടുത്ത് തീര്‍ത്ത് കൊണ്ടിരിക്കുന്നത്. 2020 ലെ 75 ലക്ഷത്തോളം രൂപ കൊടുത്ത് തീര്‍ക്കാനുണ്ട്. 2020, 2021, 2022 വര്‍ഷങ്ങളിലെ തുക കൂടെ കൊടുത്ത് തീര്‍ക്കേണ്ടതായിട്ടുണ്ട്. നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന നഷ്ടപരിഹാര തുക പരിഷ്‌കരിച്ച് തുക ലഭ്യമാക്കാനും അവര്‍ക്ക് നല്‍കേണ്ട തുക അടിയന്തിരമായി അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വനം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും, നിവേദനം നല്‍കുകയും ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *