March 21, 2023

ഹൈഡ്രോളജി ഡാറ്റ യൂസേഴ്‌സ് ഗ്രൂപ്പ് ശില്‍പ്പശാല നടത്തി

IMG_20221202_160406.jpg
കൽപ്പറ്റ : ഭൂജല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈഡ്രോളജി ഡാറ്റ യൂസേഴ്‌സ് ഗ്രൂപ്പ് ഏകദിന ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വ്വഹിച്ചു. ജീവന്റെ ആധാരമായ ജലത്തിന്റെ സ്രോതസ്സുകള്‍ വരും തലമുറയ്ക്കായി കരുതിവയ്ക്കുന്ന സമഗ്രമായ പദ്ധതികളാണ് ഭൂഗര്‍ഭ വകുപ്പ് നടപ്പിലാക്കുന്നതെന്ന് ഭൂജല വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. ഭൂഗര്‍ഭ ജലത്തിന്റെ അളവും വ്യതിയാനങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നത് ആ പ്രദേശത്തിന് അത്യന്താപേക്ഷിതമായ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ആധുനിക നിരീക്ഷണ ശൃംഖല സ്ഥാപിച്ച് സമഗ്രമായ ജലവിഭവ മാനേജ്‌മെന്റ് നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഭൂജല സംബന്ധമായ ശാസ്ത്രീയ വിവരങ്ങളും മറ്റ് അനുബന്ധ നൂതന സാങ്കേതിക വിവരങ്ങളും ഹൈഡ്രോളജി ഡാറ്റ യൂസേഴ്‌സ് ഗ്രൂപ്പിലൂടെ സംസ്ഥാനത്തുടനീളം പങ്കുവെയ്ക്കുന്നു. ജലസംബന്ധമായ അടിസ്ഥാന വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് അവ ജലാധിഷ്ഠിത പദ്ധതികളുടെ ആസൂത്രണത്തിന് സംവിധാനങ്ങള്‍ ഒരുക്കാനും ജലവിഭവ വിവരങ്ങള്‍ ലഭ്യമാകുന്ന കേന്ദ്രങ്ങളും ഗവേഷണ സ്ഥാപനങ്ങളുമായി ക്രിയാത്മക ബന്ധം സ്ഥാപിക്കാനും ഹൈഡ്രോളജി ഡാറ്റ യൂസേഴ്‌സ് ഗ്രൂപ്പിലൂടെ സാധിക്കുന്നു. 
എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. ''ഭൂജല ഡാറ്റ ഉപയോഗവും ഉപഭോക്താക്കളും'' എന്ന വിഷയത്തില്‍ ഭൂജല വകുപ്പ് സീനിയര്‍ ഹൈഡ്രോളജിസ്റ്റ് ആന്റ് ജില്ലാ ഓഫീസര്‍ ഡോ. ലാല്‍ തോംസണ്‍ വിഷയാവതരണം നടത്തി. ഭൂജല വകുപ്പ് സൂപ്രണ്ടിംഗ് ഹൈഡ്രോളജിസ്റ്റ് ഡോ. ജി. ബിന്ദു, മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍, നവകേരള കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു, ഭൂജല വകുപ്പ് ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ് എം.വി ആസ്യ  തുടങ്ങിയവര്‍ സംസാരിച്ചു. ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *