ഇന്ത്യൻ ഒളിമ്പിക്സ്; പ്രഥമ മലയാളി അധ്യക്ഷയായി പി.ടി ഉഷ

• റിപ്പോർട്ട് : മെറിൻ സെബാസ്റ്റ്യൻ
കൽപ്പറ്റ : ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അധ്യക്ഷയായും ആദ്യ വനിതയും മലയാളിയും ആയി പി.ടി.ഉഷ.ഐ.ഒ.എ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അധ്യക്ഷയായി എത്തുന്ന ആദ്യ വനിതയും ആദ്യമലയാളിയുമാണ് പി.ടി.ഉഷ.
സുപ്രീംകോടതി മുൻ ജഡ്ജി എൽ. നാഗേശ്വർ റാവുവിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് പി ടി ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐ.ഒ.എയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ കായിക താരം കൂടിയാണ് പി.ടി. ഉഷ. തന്റെ അത്‌ലറ്റിക് കരിയറിൽ നൂറിലേറെ ദേശീയ- അന്താരാഷ്ട്ര മെഡലുകൾ വാരിക്കൂട്ടിയ കോഴിക്കോട് പയ്യോളി സ്വദേശിയായ പിടി ഉഷ നിലവിൽ രാജ്യസഭാംഗം കൂടിയാണ്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി ടി ഉഷയെ കാണുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും പി ടി ഉഷ കരസ്ഥമാക്കി. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളായി മാറി പി ടി ഉഷ.
1980 ലെ മോസ്കോ ഒളിമ്പിക്സിലാണ് പി ടി ഉഷയുടെ ആദ്യ ചുവടുവെപ്പ് . 1982 ൽ ഡൽഹിയിൽ വച്ചു നടന്ന ഏഷ്യാഡിൽ നൂറുമീറ്റർ ഓട്ടത്തിലും, ഇരുനൂറ് മീറ്റർ ഓട്ടത്തിലും വെള്ളി മെഡൽ കരസ്ഥമാക്കി. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറ് മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2000 -ൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ കോഴിക്കോട് കിനാലൂരിൽ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു. പ്രവർത്തനത്തിന്റെ 20 വർഷം പിന്നിടുന്ന ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ താരങ്ങൾ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്കു നേടിക്കൊടുത്തത്.



Leave a Reply