March 29, 2024

ക്രിസ്തുമസ് പുതുവത്സരം: വയനാടൻ ചുരം കയറിയത് ലക്ഷങ്ങൾ

0
Img 20230106 Wa00552.jpg
• റിപ്പോർട്ട്‌ :മെറിൻ ജോഷി •
കൽപ്പറ്റ: സീസൺ ആഘോഷിക്കാൻ വയനാടൻ ചുരത്തിന് മുകളിലെത്തിയത് ലക്ഷക്കണക്കിന് സഞ്ചാരികൾ.ക്രിസ്തുമസ് പുതുവത്സര സീസണില്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയ സഞ്ചാരികള്‍ കുറച്ചൊന്നുമല്ല . പൂക്കോട് തടാകം, കര്‍ളാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, കാന്തന്‍പാറ, എടയ്ക്കല്‍ ഗുഹ, മാനന്തവാടി പഴശ്ശിപാര്‍ക്ക് എന്നിവിടങ്ങളിലെ കണക്കുപ്രകാരം 1.22 ലക്ഷം സഞ്ചാരികളാണ് എത്തിയത്. 61.83 ലക്ഷം രൂപ വരുമാനവും ലഭിച്ചു. ഡിസംബര്‍ 20 മുതല്‍ 31 വരെയുള്ള കണക്കാണിത്. ബാക്കി വിനോദസഞ്ചാരകേന്ദ്രങ്ങളിലെ കണക്കുകള്‍കൂടി വരുമ്പോള്‍ വരുമാനം ഇപ്പോഴുള്ളതിനെക്കാള്‍ ഇരട്ടിയാവും.
ഡിസംബര്‍ 23 മുതല്‍ 31 വരെയാണ് ഏറ്റവുംകൂടുതല്‍ സഞ്ചാരികള്‍ എത്തിയത്. ഇതില്‍തന്നെ 25 മുതല്‍ 27 തീയതികളിലാണ് കൂടുതല്‍ തിരക്കെന്ന് ഡി.ടി.പി.സി. അധികൃതര്‍ പറയുന്നു. പുതുവത്സരദിനത്തിലും മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും രാവിലെ മുതല്‍തന്നെ തിരക്കേറുന്നു. 25, 26 തീയതികളില്‍ കര്‍ളാട് തടാകത്തില്‍ രണ്ടുലക്ഷംരൂപയ്ക്കുമുകളില്‍ വരുമാനം ലഭിച്ചു.
ബാണാസുര സാഗര്‍ഡാം, പൂക്കോട് തടാകം, കര്‍ളാട് തടാകം, കാന്തന്‍പാറ വെള്ളച്ചാട്ടം, സൂചിപ്പാറ വെള്ളച്ചാട്ടം, ചീങ്ങേരി ട്രക്കിങ്, വയനാട് ഹെറിറ്റേജ് മ്യൂസിയം, എന്‍ ഊര്, കുറുവാദ്വീപ്, എടയ്ക്കല്‍ എന്നിവിടങ്ങളിലെല്ലാം ദിവസവും സഞ്ചാരികളുടെ കുത്തൊഴുക്ക് കാണാം. എന്‍ഊരില്‍ പ്രതിദിനം 2000 പേര്‍ക്കും എടയ്ക്കല്‍ഗുഹയില്‍ 1920 പേര്‍ക്കും കുറുവാദ്വീപില്‍ 1150 പേര്‍ക്കുമാണ് പ്രവേശനം. എന്നാല്‍ ഇതില്‍ കൂടുതല്‍ ആളുകളാണ് ദിവസവും എത്തുന്നത്.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരും വിദേശികളുമാണ് കൂടുതലും വയനാട്ടിലേക്ക് എത്തുന്നത്. ഞായറാഴ്ചകളിലും പൂക്കോട് തടാകം, ബാണാസുര സാഗര്‍ ഡാം തുടങ്ങിയ ഇടങ്ങളില്‍ ബോട്ട് സവാരി നടത്താന്‍ സഞ്ചാരികളുടെ തിരക്കായിരുന്നു. ചുരത്തിലെ ഗതാഗത തടസ്സംകാരണം ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയ സഞ്ചാരികള്‍ക്ക് കൃത്യസമയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്താൻ കഴിയില്ലെന്നുള്ളതും ഒരു പ്രശ്നമാണ്. ചുരം വഴിയുള്ള യാത്രാക്ലേശം കണക്കിലെടുത്ത് വരാന്‍മടിച്ചവരും ബുക്കിങ് ക്യാന്‍സല്‍ ചെയ്തവരുമുണ്ട്. എന്നിരുന്നാലും വയനാട്ടിന്റെ സൗന്ദര്യം ആസ്വദിക്കാൻ വരുന്നവരുടെ എണ്ണത്തിൽ കുറവൊന്നും ഇല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *