കാലഹരണപ്പെട്ട പാടികളിൽ തൊഴിലാളി ജീവിതം; നവീകരണത്തിന് മാനേജ്മെൻ്റ് തടസം
•റിപ്പോർട്ട് : മെറിൻ ജോഷി
കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ വാസസ്ഥലത്തിന് നൂറ്റാണ്ടുകളുടെ പഴക്കം. ജീർണിച്ച എസ്റ്റേറ്റ് പാടികൾ നവീകരിച്ച് വാസയോഗ്യമാക്കാൻ മാനേജുമെൻ്റും തയ്യാറല്ല. വ്യവസായം പ്രതിസന്ധിയിലാണന്ന വാദമാണ് ഇവർക്ക്.
കാലഹരണപ്പെട്ട എസ്റ്റേറ്റ് പാടികളുടെ പുനരുദ്ധാരണത്തിന് സർക്കാർ ഇടുക്കി മോഡൽ പാക്കേജ് വയനാട്ടിലും പ്രഖ്യാപിച്ച് നടപ്പാക്കണമെന്നാണ് ഇപ്പഴത്തെ ആവശ്യം.. വ്യവസായത്തിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി പാടികൾ വാസയോഗ്യമാക്കുന്നതിന് തോട്ടം മാനേജ്മെന്റുകൾ തയാറാകാത്ത സാഹചര്യത്തിൽ മറ്റൊരു പാക്കേജ് വേണമെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. സംസ്ഥാന ധനമന്ത്രി 10 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് ഇടുക്കി പീരുമേട്ടിൽ വെച്ച് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചത്.
അത്തരത്തിലൊരു പാക്കേജ് വയനാട് ജില്ലക്കും പ്രഖ്യാപിക്കണമെന്ന ആവശ്യം എച്ച്.എം.എസ് യൂനിയൻ ഭാരവാഹികൾ ഉന്നയിച്ചു. ജില്ലയിലെ മിക്ക തോട്ടങ്ങളിലെയും പാടികൾ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ജീർണിച്ച് കാലഹരണപ്പെട്ടതുമാണ്.
പ്ലാന്റേഷൻ തൊഴിലാളി നിയമമനുസരിച്ച് എസ്റ്റേറ്റ് പാടികൾ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്ത് വാസയോഗ്യമായി നിലനിർത്തേണ്ടത് മാനേജ്മെന്റുകളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, തോട്ടം വ്യവസായം നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി ആ ഉത്തരവാദിത്തത്തിൽ നിന്ന് മാനേജ്മെന്റുകൾ ഒഴിഞ്ഞുമാറുകയാണ്.
മഴക്കാലത്ത് ചോർന്നൊലിക്കുന്ന പാടി മുറികളിൽ ഏറെ ദുരിതത്തിൽ കഴിയുന്ന തൊഴിലാളി കുടുംബങ്ങൾ നിരവധിയാണ്. സ്വന്തമായി വീടുള്ള അപൂർവം തൊഴിലാളികളും ഇവർക്കിടയിലുണ്ട്. ആറ് കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഒരു ലൈനിൽ ഒന്നോ രണ്ടോ കുടുംബങ്ങൾ മാത്രം താമസിക്കുന്ന സ്ഥിതിയുമുണ്ട്.
ഇക്കാരണങ്ങളാൽ പാടികളുടെ പ്രവൃത്തികൾ ചെയ്യാൻ പല മാനേജ്മെന്റുകളും തയാറാകുന്നില്ല. സമാനമായ സ്ഥിതിയുള്ള ഇടുക്കി ജില്ലയിൽ പാടികളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപ അനുവദിക്കുമെന്ന് സംസ്ഥാന ധനകാര്യ മന്ത്രി പീരുമേട്ടിൽ വെച്ച് പ്രഖ്യാപനം നടത്തുകയുണ്ടായി.
അത്തരമൊരു പാക്കേജ് വയനാടിനും അനുവദിച്ചു നടപ്പാക്കണമെന്ന് എച്ച്.എം.എസ്. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ പാടികളിൽ കഴിയുന്ന തൊഴിലാളി കുടുംബങ്ങളുടെ ദുരിതത്തിന് അറുതിവരുത്താൻ സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്. വയനാട്ടിലെ തോട്ടം മേഖലകളിൽ തൊഴിൽ പ്രശ്നത്തോടൊപ്പം അടിസ്ഥാന പ്രശ്നങ്ങളും വർദ്ധിക്കുകയാണ്.
Leave a Reply