October 10, 2024

അരിവാൾ രോഗം ഇല്ലാതാക്കുക എന്നത് ലക്ഷ്യം: കേന്ദ്രമന്ത്രി രേണുക സിങ്ങ് സരുത

0
Img 20230109 124327.jpg
കൽപ്പറ്റ: ഭാരതത്തിൽ നിന്ന് അരിവാൾ രോഗം തുടച്ചു നീക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് കേന്ദ്രഗിരിജന ക്ഷേമവകുപ്പ് സഹമന്ത്രി  രേണുക സിങ്ങ് സരുത. മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷനിൽ അരിവാൾ രോഗ (സിക്കിൾ സെൽ അനീമിയ) നിവാരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ സുവർണ ജൂബിലിയോട് അനുബന്ധിച്ച് സേവാ ഇന്റർനാഷണലിന്റെ സാഹായ സഹകരണത്തോടെ ജില്ലയിൽ സമ്പൂർണ്ണ അരിവാൾ രോഗ മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അരിവാൾ രോഗ നിവാരണ പദ്ധതികൾക്ക് പൊതുജനങ്ങളുടെ കൂട്ടായ സഹകരണം വേണം. രാജ്യത്ത് അരിവാൾ രോഗം ഇല്ലാതാക്കുന്നതിന് വിവേകാനന്ദ മെഡിക്കൽ മിഷനും പത്മശ്രി ഡോ. ധനഞ്ജയ് സഗ്‌ദേവും നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്നും മന്ത്രി പറഞ്ഞു. താൻ മൂന്ന് തവണ കേരളത്തിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് തവണ നാട് കാണാനാണ് എത്തിയത് എന്നാൽ ഇത്തവണ ഒരു പ്രധാന ലക്ഷ്യവുമായാണ് വന്നത്. സിക്കിൽ സെൽ രോഗം ഉന്മൂലനം ചെയ്യാനുള്ള വലിയ ദൗത്യത്തിന്റെ ഉദ്ഘാടനമാണ് ഇവിടെ നടന്നത്. സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ 50 വർഷമായി ഗ്രാമ ഗ്രാമാന്തരങ്ങളിൽ പ്രവർത്തിച്ച് വരുന്നു. ആരോഗ്യ വിദ്യഭ്യാസ മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് മിഷൻ ചെയ്ത് വരുന്നത് ഇത് മാത്യകാപരമാണ്. വിവാഹം കഴിക്കുമ്പോൾ ജാതകം നോക്കുന്നതിന് പകരം രക്ത പരിശോധന നടത്തിയാൽ ഈ രോഗത്തെ കൂടുതൽ അകറ്റാനാകുമെന്നും മന്ത്രി പറഞ്ഞു. പത്മശ്രീ ഡോക്ടർ ധനഞ്ജയ് സഗ്‌ദേവിന്റെ കീഴിൽ  വർഷങ്ങളായി സിക്കിൾസെൽ രോഗ നിവാരണ ഗവേഷണം നടന്ന് വരുന്നു. ഗിരിജനങ്ങളിൽ ഒരാൾ ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തെ ഞാൻ നമിക്കുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെയും ഗുജറാത്ത് മുതൽ അരുണാചൽപ്രദേശ് വരെയുള്ള ഭാരതം ഒന്നാണ് ആഹാരത്തിലും, വേഷത്തിലും, ഭാഷയിലും വ്യത്യാസമുണ്ടെങ്കിലും നാം ഒന്നാണ്. അതുകൊണ്ട് തന്നെയാണ് മഹാരാഷ്ട്രയിൽ നിന്നും ഡോക്ടർ വയനാട്ടിലെത്തി വയനാടൻ ജനതയെ സേവിക്കാൻ തയാറായത്.  പ്രധാന മന്ത്രിയുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ നൽകി വരുന്നുണ്ട്. ഇതിൽ 12 കോടി
ഗിരിജനങ്ങൾ ഗുണഭോക്താക്കളാണ്. ഗിരിജന ഗ്രാമങ്ങളുടെ വികാസത്തിനായി റോഡുകൾ, പാലങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങി നിരവധി അടിസ്ഥാന വികസന പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിവുന്നുണ്ട്. വയനാട്ടിൽ ട്രൈബൽ സർവ്വകലാശാലയും മെഡിക്കൽ കോളേജും ആരംഭിക്കുന്നതിന് ശ്രമിക്കുമെന്നും  വയനാടിന്റെ പ്രശ്‌നങ്ങളും ഗോത്ര ജനതയുടെ പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി രേണുക സിംഗ് സരുത പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 100 ാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ ധാരിദ്യം പൂർണ്ണമായും തുടച്ച് നീക്കുക എന്നതാണ് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ലക്ഷ്യം ഇതോടെ രാജ്യം ലോക ഗുരുസ്ഥാനത്തേക്ക് എത്തും. കേരളം ഈശ്വരന്റെ വരദാനമാണ് ശ്രീനാരായണ ഗുരു, കെ. കേളപ്പൻ, കുട്ടിമാളുവമ്മ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, തലക്കര ചന്തു, എം.എസ്. സ്വാമിനാഥൻ തുടങ്ങിയവരുടെ ദേശമാണ് കേരളം. ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമത്യു വരിച്ച ഗോത്രപോരാളികളും കേരളത്തിൽ ധാരാളമുണ്ട് ഇവരെ ഇതുവരെയുള്ള സർക്കാരുകൾ അവഗണിക്കുകയായിരുന്നു. അവർക്ക് അർഹിക്കുന്ന സ്ഥാനം കേന്ദ്ര സർക്കാർ സ്വാതന്ത്ര്യത്തിന്റെ ഈ 75 ാം വർഷം നൽകി ആദരിച്ചു എന്നും മന്ത്രി കൂട്ടിച്ചേർത്തു. മെഡിക്കൽ മിഷൻ പ്രസിഡന്റ്  ഡോ.പി. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷസമിതി ചെയർമാൻ ഡോ. പി.ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി  അഡ്വ. കെ.എ. അശോകൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വനവാസി കല്ല്യാൺ ആശ്രമം നാഷണൽ ജോയിന്റ് ഓർഗനൈസിങ്ങ് സെക്രട്ടറി പി.പി. രമേശ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ആർഎസ്എസ് പ്രാന്തീയ സഹ സേവാപ്രമുഖ് യു.പി. ഹരിദാസ്, എഡിഎം എൻ.ഐ. ഷാജു,  പത്മശ്രി ഡോ. ധനഞ്ജയ് സഗ്‌ദേവ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി. നാരായണൻ, ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷൻ ഡയറക്ടർ വിക്രം മാണിക്ക, ടൈഡ് പ്രൊജക്ട് നാഷണൽ കോർഡിനേറ്റർ കെ.കെ. സത്യൻ, വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമൻ, റിട്ട. വിങ്ങ് കമാന്റർ വിനയ് സഗ്‌ദേവ്,  ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, ചെട്ടി സർവ്വീസ് സൊസൈറ്റി ജില്ലാ അധ്യക്ഷൻ ബാലകൃഷ്ണൻ ചുണ്ടപ്പാടി, ഹീമോഫീലിയ സൊസൈറ്റി ഓഫ് കേരളക്ക് വേണ്ടി രഘുനന്ദൻ എന്നിവർ സംസാരിച്ചു. അഡ്വ. വവിത എസ് നായർ നന്ദി രേഖപ്പെടുത്തി. മന്ത്രിയുടെ പ്രസംഗം അജിത് കുമാർ പരിഭാഷപ്പെടുത്തി. ചടങ്ങിൽ വിവേകാനന്ദ മെഡിക്കൽ മിഷനുള്ള സാമ്പത്തിക സഹായം പത്മശ്രി ഡോ. ധനഞ്ജയ് സഗ്‌ദേവിന്റെ സഹോദരൻ ഡോ. വിവേക് സഗ്‌ദേവ് മെഡിക്കൽ മിഷൻ പ്രസിഡന്റ്  ഡോ.പി. നാരായണൻ നായർക്ക് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *