April 24, 2024

റേഷന്‍ കടകളില്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന

0
Img 20230112 185129.jpg
ബത്തേരി : ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ എ. ഗീത റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ മീനങ്ങാടിയിലുള്ള കൃഷ്ണഗിരി (നമ്പര്‍ 37), മൈലമ്പാടി (നമ്പര്‍ 38), അപ്പാട് (നമ്പര്‍ 72) എന്നീ കടകളിലാണ് ജില്ലാ കളക്ടര്‍ ഇന്ന് രാവിലെ പരിശോധന നടത്തിയത്.കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണനിലവാരം, വിലവിവരപ്പട്ടിക, വെയിംഗ് മെഷീന്റെ കൃത്യത, ഗുണഭോക്താക്കള്‍ക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍, രജിസ്റ്ററുകള്‍ തുടങ്ങിയവ ജില്ലാ കലക്ടര്‍ പരിശോധിച്ചു. 
റേഷന്‍ കടകള്‍ പരമാവധി ജനസൗഹൃദമാക്കാനും ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ മികച്ച രീതിയില്‍ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സെര്‍വറിലെ പ്രശ്‌നങ്ങള്‍ കാരണം ഇ-പോസ് മെഷീനില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ലഭിക്കാത്തതിനാല്‍ പല ദിവസങ്ങളിലും റേഷന്‍ വിഹിതം വാങ്ങാന്‍ കഴിയാതെ തിരിച്ചു പോകേണ്ടി വരുന്നതായി അപ്പാടുള്ള റേഷന്‍ കടയിലെത്തിയ ജില്ലാ കളക്ടറോട് ഗുണഭോക്താക്കള്‍ പരാതിപ്പെട്ടു. മൊബൈല്‍ ഫോണ്‍ കൈവശമില്ലാത്തതിനാല്‍ ഒ.ടി.പി വഴിയും വിതരണം നടത്താനാവാത്ത സാഹചര്യമുണ്ടെന്ന് കടയുടമ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് വിഷയം പരിഹരിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോട് കളക്ടര്‍ ആരാഞ്ഞു. ഇ-പോസ് വഴി വീണ്ടും ശ്രമം നടത്തിയിട്ടും ഓതന്റിക്കേഷന്‍ ലഭിക്കുന്നില്ലെങ്കില്‍ അപ്പോഴുള്ള ഗുണഭോക്താക്കള്‍ക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി റേഷന്‍ വിതരണം നടത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  
ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ചാര്‍ജ് ജെയിംസ് പീറ്റര്‍, സൂപ്രണ്ട് ഇ.എസ് ബെന്നി, താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ജി അജയന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സാബു വി.സി, ഇന്റഗ്രേറ്റഡ് മൊബൈല്‍ പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ഐ.എംപി.ഡി.എസ്) ജില്ലാ പ്രോഗ്രാം മാനേജര്‍ ഷാലിമ എം. തുടങ്ങിയവര്‍ പങ്കെടുത്തു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *