February 5, 2023

ഗോത്രകലകളെ സംരക്ഷിക്കാൻ വയനാനാട്ടിൽ ഗോത്രകലാ അക്കാദമി വേണം : എം. ബാലകൃഷ്ണൻ

IMG_20230128_094600.jpg

ബത്തേരി: വയനാട്ടിലെ ഗോത്രകലകളെ സംരക്ഷിക്കാൻ ഗോത്രകലാ അക്കാദമി  അനിവാര്യമാണെന്ന് ജന്മഭൂമി ന്യൂസ് എഡിറ്റർ എം.ബാലകൃഷ്ണൻ. സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ  പേരിയ വനവാസി ആശ്രമവും ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും, വയനാട് ആസാദി കാ അമൃത മഹോത്സവ സമിതിയുടെയും ആഭിമുഖ്യത്തിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബത്തേരി മാതമംഗലത്ത് നടന്ന പൈതൃകോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്കാദമിയിൽ ഗോത്രകലാരൂപങ്ങൾ പഠന ഗവേഷണ വിധേയമാക്കണം. ഗോത്രകലകൾ വയനാടിന്റെ ആത്മാവുമായി ബന്ധപ്പെട്ട്കിടക്കുന്നതാണെന്ന് പുതിയ തലമുറ പടിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ അജണ്ഡകളിൽ നിന്ന് പിന്തള്ളപ്പെട്ട് പോകുന്ന വിഭാഗമാണ് ഗോത്ര ജനത. നാനൂറ് വർഷങ്ങൾക്ക് മുമ്പ് സ്വതന്ത്രൃ സമര പോരാട്ടത്തിന്റെ മുൻനിര പോരാളികളായിരുന്നു ഇവർ. 1812ൽ നടന്ന കുറിച്ച്യ കലാപം വയനാടിന്റെ സമര പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. കലാപത്തിന് വീര്യം പകർന്ന ഒരു കലാരൂപമാണ് കോൽക്കളി. കോൽക്കളി സംഘങ്ങൾ ഗറില്ലാ യുദ്ധമുറകളിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട് സൈന്യമായി മാറിയ കാഴ്ച്ചയാണ് വയനാട്ടിൽ കാണാൻ കഴിയുക. സ്വാതന്ത്രൃ സമരത്തിലേക്ക് ആളുകളെ ഒരുക്കിയെടുത്തത് ഈ കലാരൂപത്തിലൂടെയായിരുന്നു. ഒരു കലാരൂപമെന്നത് ആസ്വദിക്കാനും സന്തോഷിക്കാനും എന്നതിൽ കവിഞ്ഞ് സ്വതന്ത്രൃ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ചരിത്രം കോൽക്കളിയിലുണ്ട്. ഗോത്ര കലാരൂപങ്ങൾ എല്ലാം നാടിന്റെ സംസ്‌കാരത്തെ സൂചിപ്പിക്കുന്നതാണ്. ഭാരതത്തിന്റെ ആദിമ പാരമ്പര്യത്തിന്റെ വറ്റാത്ത സ്രോതസുകളാണ് കലകൾക്കുള്ളത്. ഇത് സാംസ്‌കാരിക ധാരയിൽ നിന്ന് വേറിട്ടതല്ല. ഗോത്ര ജനത ഈ നാടിന്റെ വേറിട്ട ജനതയുമല്ല. എന്നാൽ ഇന്ന് പല പാഠപുസ്തകങ്ങളിലും അങ്ങനെയും ഒരു ആരോപണം ഉയർന്ന് വന്നിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രജനയുടെ കോൽക്കളി ഇപ്പോൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രമായി മാറിയ കാഴ്ച്ച സംസ്ഥാന യുവജനോത്സവത്തിൽ നാം കണ്ടതായും അദ്ദേഹം പറഞ്ഞു. പരിപാടി ആസാദി കാ അമൃത മഹോത്സവ് സമിതി ചെയർമാൻ പത്മശ്രീ ഡോ. ഡി.ഡി. സഗ്‌ദേവ് ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത മഹോത്സവ് നൂൽപ്പുഴ പഞ്ചായത്ത് അധ്യക്ഷൻ കെ.വി. മുകുന്ദൻ അധ്യക്ഷതയും വഹിച്ചു. രേഷ്മ സജിയുടെ വന്ദേമാതരത്തോടെ ആരംഭിച്ച ചടങ്ങിൽ ആസാദി കാ അമൃത മഹോത്സവ് ജനറൽ കൺവീനർ സി.കെ. ബാലകൃഷ്ണൻ സ്വഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ വി.കെ. സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു. ആർഎസ്എസ് ജില്ലാ സംഘചാലക് വി. ചന്ദ്രൻ, തപസ്യ കലാസാഹിത്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീജിത്ത്, പണിയ സമുദായം ഊര്മുതലി ഗോപാലൻ, ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ കെ.ടി. സുകുമാരൻ എന്നിവർ പങ്കെടുത്തു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *