February 5, 2023

വനവാസി വികാസം പൂർണ്ണമാകുന്നതോടെ ഭാരതം ഉന്നതിയിലെത്തും: ഡോ. രാജ് കിഷോർ ഹസ്ത

IMG_20230128_094042.jpg

കൽപ്പറ്റ: ഭാരതത്തിലെ എഴുനൂറോളം വനവാസി സമൂഹങ്ങളുടെ വികാസം സാധ്യമാകുന്നതോടെ ഭാരതം ഉന്നതിയിലെത്തുമെന്ന് വനജാതി സുരക്ഷാ മഞ്ച് അഖിലഭാരതീയ സഹ സംഘടന സെക്രട്ടറി ഡോ. രാജ് കിഷോർ ഹസ്ത പറഞ്ഞു. കണിയാമ്പറ്റ ധനുവന്നൂർ നിവേദിത വിദ്യാനികേതൻ യുപി സ്‌കൂൾ വാർഷിക ആഘോഷ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടിയോടനുബന്ധിച്ച് ഗോത്ര കലാഅരങ്ങും നടക്കുന്നുണ്ട്. ഒരു പൂന്തോട്ടത്തിൽ നിരവധി വർണ്ണത്തിലുള്ള പൂക്കൾ ഉണ്ടാകാറുണ്ട്. രൂപത്തിലും നിറത്തിലും മണത്തിലും പ്രത്യേകത ഉള്ളവ. അതുപോലെ തന്നെയാണ് രാജ്യവും. പലവിധത്തിലുള്ള ആളുകൾ സംഘർഷമില്ലാതെ ഇവിടെ ജീവിച്ച് പോകുന്നു. എന്നാൽ പിൽക്കാലത്ത് അധിനിവേശ ശക്തികളുടെ കടന്ന് കയറ്റത്താൽ ഭാരതം സംഘർഷഭരിതമായെന്നും അദ്ദേഹം  പറഞ്ഞു. ഒന്നാം സ്വാതന്ത്രൃ സമരം നടന്നത് 1857ലാണ്. എന്നാൽ അതിന് എത്രയോകാലം മുമ്പ് ആയിരക്കണക്കിന് വനവാസി സഹോദരങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ചു. ഈ നാടിന്റെ മണ്ണും വെള്ളവും സകലതും വനവാസികളുടേതായിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ നികുതി ചുമത്തുകയും ഫോറസ്റ്റ് ആക്ട് നടപ്പാക്കുകയും ചെയ്തു. ഇതോടെ വനവാസികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലായി. വിദേശികൾക്ക് നികുതി നൽകുക എന്നത് വനവാസികൾ ഒരിക്കലും അംഗീകരിച്ചില്ല. 1700 കാലഘട്ടത്തിൽ തന്നെ നൂറ് കണക്കിന് സായുധ സമരങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ ഗോത്ര പോരാളികൾ നടത്തി. സാന്താൾ സമരത്തെക്കുറിച്ച് ബ്രിട്ടീഷുകാർ തന്നെ പറഞ്ഞത് വൈദ്യുതി ആഘാതം പോലെയായിരുന്നു ആക്രമണം എന്നാണ്. 1700-1800 കാലഘട്ടത്തിൽ ശരീരം രണ്ടായി പിളർന്ന് ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയ തിലക് മാഞ്ചിയാണ് സ്വാതന്ത്രൃ സമര ചരിത്രത്തിലെ ആദ്യ ബലിദാനി എന്നും അദേഹം ഓർമ്മിപ്പിച്ചു. തെലുങ്കാനയിൽ ആയിരത്തിലേറെ വനവാസി പോരാളികളെ ഒരു മരത്തിൽ തൂക്കിലേറ്റിയ കഥ നാം മറക്കരുതെന്നും അദ്ദേഹം വനവാസികളോട് പറഞ്ഞു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മൊയ്തുഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ കെ.സി. പൈതൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  വനവാസി കല്യാൺ ആശ്രമം അഖില ഭാരതീയ ഗോത്രകലാ പ്രമുഖ് ബീർബൽ സിങ്ങ്  ആർഎസ്എസ് വിഭാഗ് സഹ ഭൗതിക് ശിക്ഷൺ പ്രമുഖ് ടി.കെ. ശശിധരനെ ആദരിച്ചു. പള്ളിയറ രാമൻ, അനന്തൻ കാനഞ്ചേരി, സുമ, കുഞ്ഞായിഷ, പ്രിയ, ഡി.എൽ. സുബ്രമണ്യൻ, എ.നാരായണൻ എന്നിവർ സംസാരിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *