സംസ്ഥാന ബജറ്റ് ജനവിരുദ്ധം: കെട്ടിട ഉടമകൾ

മാനന്തവാടി:ഇടതുപക്ഷ സർക്കാരിന്റെ 2023/24 സാമ്പത്തിക വർഷത്തെ ബജറ്റ് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കുന്നതാണെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു,
കഴിഞ്ഞ ആറര വർഷമായി സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും കാരണമാണ് ഇത്തരമൊരു ബജറ്റ് സംസ്ഥാനത്തെ ജനങ്ങളുടെ മേലിൽ അടിച്ചേൽപ്പിക്കേണ്ടി വന്നത്, ഇത്തരം ജനദ്രോഹപരമായ സാമ്പത്തിക നയം ഇടതുപക്ഷ ഗവൺമെന്റിൽ നിന്നുണ്ടായത് ആശ്ചര്യകരം തന്നെ.
ഇന്ധന വില വർദ്ധനവിൽ എപ്പോഴും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയിരുന്ന സംസ്ഥാന ഗവൺമെന്റിന്റെ ഇന്ധന സെസ് വർദ്ധിപ്പിച്ചുകൊണ്ടുള്ള നടപടി അങ്ങേയറ്റം അപലപനീയമാണ്.
കൂടാതെ ഭൂനികുതി കെട്ടിടനികുതി വർദ്ധനവ്, ഭൂമിയുടെ ന്യായവിലയിൽ 20% വർദ്ധനവ്, കെട്ടിടത്തിന്റെ പെർമിറ്റ് ഫീസ് വർദ്ധന ഇവയെല്ലാം സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല പാടെ നിശ്ചലമാക്കുന്നതാണ്.
സർവ്വ മേഖലയിലും ഗണ്യമായ വിലക്കയറ്റം സൃഷ്ടിക്കാൻ കാരണമാകുന്ന ഇത്തരം സാമ്പത്തിക നയങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ അബ്ദുൽ മനാഫ്, നിരൺ വിജയൻ, ജോണി പാറ്റാനി എന്നിവർ ആവശ്യപ്പെട്ടു,



Leave a Reply