March 21, 2023

പി.എം.ജി.എസ്.വൈ, സി.ആര്‍.ഐ.എഫ് റോഡ് പ്രവൃത്തികള്‍ വേഗത്തിലാക്കണം : രാഹുല്‍ ഗാന്ധി എം.പി

IMG_20230213_200041.jpg
കൽപ്പറ്റ : കേന്ദ്ര ഫണ്ടില്‍ നിന്നും തുക അനുവദിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് നിര്‍വ്വഹണ ചുമതലയുളള ഉദ്യോഗസ്ഥര്‍ക്ക് രാഹുല്‍ ഗാന്ധി എം.പി നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍ ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗം ദിശയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 -23 കാലയളവില്‍ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ നിന്ന് 105 കോടി രൂപയാണ് ജില്ലയിലെ എഴ് റോഡുകളുടെ വികസനത്തിനായി അനുവദിച്ചിട്ടുളളത്. ചെന്നലോട്-ഊട്ടുപാറ (15 കോടി), വെള്ളമുണ്ട- പടിഞ്ഞാറത്തറ (15), കാവുമന്ദം- ബാങ്കു കുന്ന് (15), മുള്ളന്‍കൊല്ലി – പെരിക്കല്ലൂര്‍ (15), പനമരം-വെള്ളിയമ്പം (15), ബേഗൂര്‍ – തിരുനെല്ലി (12), സുല്‍ത്താന്‍ ബത്തേരി – പഴുപ്പത്തൂര്‍ (18 കോടി) എന്നീ റോഡുകളാണ് നവീകരണ പട്ടികയിലുളളത്. ഇവയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഭരണാനുമതിയും കഴിഞ്ഞ ദിവസം ലഭ്യമായിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങളും ടെണ്ടര്‍ നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഏപ്രില്‍ മാസത്തില്‍ തന്നെ ഈ റോഡുകളുടെ നവീകരണ,നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി.
 ജില്ലയിലെ കൂടുതല്‍ റോഡുകള്‍ക്ക് തുക അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. പുതിയ പ്രവൃത്തികള്‍ക്കുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട വെളളമുണ്ട – തോട്ടോളിപടി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടുളള തടസങ്ങള്‍ നീക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരാനും നിര്‍ദ്ദേശം നല്‍കി.  
ജില്ലയിലെ അങ്കണവാടികള്‍ നവീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. അങ്കണവാടി നവീകരണത്തിന് സി.എസ്.ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കാനുളള ഇടപെടലുകളും നടത്തുമെന്നും എം. പി പറഞ്ഞു. ആസ്പിരേഷന്‍ ജില്ലാ പദ്ധതിയില്‍ വയനാടിന്റെ ഉയര്‍ന്ന റാങ്കും എബിസിഡി പദ്ധതിയില്‍ വയനാട് മാതൃകയാവുന്നതും അഭിമാനകരമാണെന്നും അതിനായി പ്രവര്‍ത്തിച്ച ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു.  
ജില്ലാ കളക്ടര്‍ എ. ഗീത ദിശ പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് വിശദീകരിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.ജെ.വി കെ, എന്‍.ആര്‍.എല്‍.എം, പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന, നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗാം , പ്രധാന്‍ മന്ത്രി ആവാസ് യോജന, സ്വച്ച് ഭാരത് മിഷന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തി. കെ.സി.വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണ്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എഡിഎം എന്‍.ഐ. ഷാജു, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
*പദ്ധതി നിര്‍വ്വഹണം 72 ശതമാനം*
വയനാട് ലോകസഭ മണ്ഡലത്തിലെ പദ്ധതി നിര്‍വ്വഹണ പുരോഗതി 72.25 ശതമാനം. 7 കോടി രൂപ റിലീസ് ചെയ്തതില്‍ 5.05 കോടി രൂപ ചെലവിട്ടതായി എം.പി ലാഡ്‌സ് യോഗം വിലയിരുത്തി. എം.പി ലാഡ്സ് പ്രകാരം മണ്ഡലത്തിന് അനുവദനീയമായ 12 കോടി രൂപയില്‍ 11.08 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അനുമതി ലഭ്യമായ 62 പദ്ധതികളില്‍ 25 എണ്ണം പൂര്‍ത്തിയായി. വയനാട് ജില്ലയില്‍ അനുമതി ലഭിച്ച 38 പദ്ധതികളില്‍ 20 എണ്ണം പൂര്‍ത്തിയായി. എം.പി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം കാര്യക്ഷമാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *