March 22, 2023

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

IMG_20230228_171910.jpg
 മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി വികസന സെമിനാര്‍ നടത്തി. പരമ്പരാഗത നെല്‍വിത്ത് സംരക്ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌നേഹോപഹാരം ജസ്റ്റിന്‍ ബേബി പത്മശ്രീ ചെറുവയല്‍ രാമന് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍ പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ സമീപനരേഖയും മാര്‍ഗ നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. 
ബ്ലോക്ക് പഞ്ചായത്തിന് 2023-24 വര്‍ഷത്തേക്ക് സംസ്ഥാന പദ്ധതി വിഹിതം കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം ഇനത്തില്‍ പതിനൊന്ന് കോടിയോളം രൂപയാണ് ലഭിക്കുന്നത്. ഇത്രയും തുകയ്ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭ അംഗീകാരം നല്‍കിയതാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് വന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ പദ്ധതി രേഖ ഡിപിസിക്ക് സമര്‍പ്പിക്കും. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍ കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ബേബി, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് അംഗം എം.എം ചന്തു മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, വി.വി. രാമകൃഷ്ണന്‍ (തിരുനെല്ലി) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ വി.പി. ബാലചന്ദ്രന്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രൂപം നല്‍കിയ ആരോഗ്യമേഖലയിലെ കനിവ്, സഞ്ചരിക്കുന്ന ആശുപത്രി, മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക്, സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റ്, കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് നടത്തുന്ന ഗ്രാമ വണ്ടി കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തണമെന്നും ഗ്രാമവണ്ടി അടുത്ത വര്‍ഷത്തിലും തുടരണമെന്നും വികസന സെമിനാര്‍ നിര്‍ദ്ദേശിച്ചു. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് സംരംഭകര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന് സെമിനാറില്‍ ആവശ്യപ്പെട്ടു. ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകണത്തിന് മുന്തിയ പരിഗണന നല്‍കണമെന്ന് സെമിനാര്‍ ശുപാര്‍ശ ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗ മേഖലയില്‍ ഭവന നിര്‍മ്മാണം, കുടിവെള്ളം, പഠന സഹായം തുടങ്ങിയവയും ശുചിത്വ ഗ്രാമം ലക്ഷ്യമാക്കി ചെറിയ പട്ടണങ്ങളില്‍ പൊതു ശൗചാലയങ്ങള്‍, വനിതാ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള പ്രോജക്ടുകള്‍ എന്നിവയും ചര്‍ച്ചയുടെ ഭാഗമായി അംഗങ്ങള്‍ നിര്‍ദ്ദേശിച്ചു. വന്യജീവി പ്രതിരോധ പ്രവര്‍ത്തനത്തിന് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് 25 ലക്ഷം രൂപയുടെ സംയുക്തപദ്ധതി നടപ്പാക്കാനും തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ്‌സി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എന്‍. സുശീല, കെ. വിജയന്‍, മീനാക്ഷി രാമന്‍, എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, അംഗങ്ങളായ പി. ചന്ദ്രന്‍, പി.കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, രമ്യാ താരേഷ്, അസീസ് വാളാട്, ബി.എം വിമല, വി. ബാലന്‍, സല്‍മാ മൊയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news