ഹ്യൂംസ് ബ്രിങ് ബാക്ക് വൾച്ചേഴ്സ് ശില്പശാല സംഘടിപ്പിച്ചു

മീനങ്ങാടി :അന്താരാഷ്ട വന്യജീവി സംരക്ഷണ സംഘടനയായ ഡബ്ലു ഡബ്ലു എഫ് കേരളയുടെയും പ്രമുഖ ഗവേഷണ കേന്ദ്രമായ ഹ്യൂം സെന്ററിന്റെയും ആഭിമുഖ്യത്തിൽ മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ടീച്ചർസ് ട്രെയിനിങ് കോളേജിൽ വെച്ച് “ബ്രിങ് ബാക്ക് വൾചേർസ്” വർക്ക് ഷോപ്പ് നടത്തി. വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ തിരികെ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിപാടി നടത്തിയത് . വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനിലെ അസിസ്റ്റൻറ് കൺസർവേറ്റർ ജോസ് മാത്യു വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇപ്പോൾ വയനാട്ടിൽ മാത്രമായി അവശേഷിക്കുന്ന കഴുകന്മാരുടെ പാരിസ്ഥിതിക പ്രാധാന്യത്തെ പറ്റിയും ആവാസ വ്യവസ്ഥയിൽ അവയുടെ സ്വാധീനത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഭക്ഷ്യശൃംഖലയിലെ സുപ്രധാന കണ്ണിയായ കഴുകൻ മൃതശരീരങ്ങൾ ഭക്ഷിച്ച് പരിസര ശുചിത്വവും അതോടൊപ്പം മനുഷ്യരെയും മറ്റ് ജീവികളെയും ബാധിക്കാനിടയുള്ള പലതരത്തിലുളള മാരക രോഗങ്ങളുടെയും വ്യാപനം നിയന്ത്രിക്കുന്നതിൽ കഴുകൻമാരുടെ പങ്കിനെ പറ്റിയും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഊന്നി പറഞ്ഞു. കഴുകന്മാരുടെ എണ്ണത്തിലുണ്ടായ കുറവ് മറ്റു ജീവികളായ തെരുനായകളുടെയും എലികളുടെയും എണ്ണത്തിൽ വർദ്ധനവുണ്ടാക്കുകയും അത് വഴി പ്ലേഗ് ,റാബിസ് പോലെയുള്ള രോഗങ്ങൾ സമൂഹത്തിൽ പടർന്നു പിടിക്കുന്നതിനും കാരണമായിട്ടുണ്ട്. കന്നുകാലികളിൽ വേദന സംഹാരിയായി കുത്തി വെക്കുന്ന ഡൈക്ലോഫിനാക് എന്ന മരുന്നാണ് കഴുകന്മാരുടെ എണ്ണം കുറയുവാനുള്ള കാരണം. ഇത്തരം മരുന്നുകൾ കുത്തിവെക്കപ്പെട്ട കന്നുകാലികൾ ചത്തു കഴിയുമ്പോൾ ഈ രാസവസ്തു അവയെ ഭക്ഷിക്കുന്ന കഴുകന്മാരുടെ ശരീരത്തിലെത്തുകയും അത് മൂലം അവയുടെ വൃക്കയുടെ പ്രവർത്തനം നിലയ്ക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഈ മരുന്ന് നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും പല ഇടങ്ങളിലും ഈ മരുന്ന് അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. കഴുകന്മാരുടെ എണ്ണം കുറയുന്നത് പല തരത്തിലുള്ള പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . തുടർന്ന് “ബ്രിങ് ബാക്ക് വൾച്ചേഴ്സ്” പോസ്റ്റർ പ്രകാശനം ചെയ്തു. അതോടൊപ്പം കോളേജിലെ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു .
ഹ്യൂം സെൻറർ ഡയറക്ടർ സി കെ വിഷ്ണുദാസ് ,കഴുകന്മാരുടെ വ്യത്യസ്ത ഇനങ്ങളെ പറ്റിയും പ്രാധാന്യത്തെപ്പറ്റിയും ,നിലവിൽ അവ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും ക്ലാസ് കൈകാര്യം ചെയ്തു. കേരള വെറ്റിനറി സർവകലാശാലയിലെ അധ്യാപകൻ ഡോ . രതീഷ് ആർ എൽ എങ്ങനെയാണ് ഡൈക്ലോഫിനാക് കഴുകന്മാരുടെ ജീവനെടുക്കുന്നതെന്ന ശാസ്ത്രം സംബന്ധിച്ചും ക്ലാസുകൾ നയിച്ചു. തുടർന്ന് കഴുകന്മാരുടെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ കൊളാഷ് മൽസരവും നടത്തി. കഴുകൻമാരുടെ സംരക്ഷണം വെളിവാക്കുന്ന വ്യത്യസ്ത രീതിയിലുള്ള ആശയങ്ങൾ കൊളാഷിലൂടെ അവതരിപ്പിച്ചു. സെന്റ് ഗ്രിഗോറിയസ് ടീച്ചർസ് ട്രെയിനിങ് കോളേജിലെ പ്രിൻസിപ്പാൽ ഡോ. ടോമി കെ ഔസേഫ് അധ്യക്ഷത വഹിച്ചു . ഡബ്ലു ഡബ്ലു എഫിന്റെ പ്രോജക്റ്റ് ഓഫീസർ അനുശ്രീത ശിവാനന്ദൻ ,സീനിയർ എഡ്യുക്കേഷൻ ഓഫീസർ ശ്രീ എ കെ ശിവകുമാർ , ഹ്യൂംസ് സെന്ററിലെ ഗവേഷകർ സെന്റ് ഗ്രിഗോറിയസ് കോളേജിലെ അധ്യാപകർ, അധ്യപക വിദ്യാർത്ഥികൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. .



Leave a Reply