April 25, 2024

ജില്ലാ പഞ്ചായത്തിനെതിരായ അഴിമതി ആരോപണം കല്ലുെവച്ച നുണ: സംഷാദ് മരക്കാര്‍

0
Eiqtlrh77811.jpg
കല്‍പ്പറ്റ: എല്‍.ഡി.എഫ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ നടപ്പിലാക്കിയ പെണ്‍കുട്ടികള്‍ക്ക് റെസ്റ്റ് റൂം പദ്ധതിയില്‍ അഴിമതി ആരോപിക്കുന്നത് കല്ലൂവച്ച നുണയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കാഡ്‌കോയാണ് പദ്ധതി ഏറ്റെടുത്തത്. നിര്‍വഹണ ഉദ്യോഗസ്ഥയായ ഡി.ഡി.ഇയും കാഡ്‌കോ റീജ്യണല്‍ മാനേജരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. 95 ലക്ഷം രൂപയാണ് ഇതിലേക്ക് വകയിരുത്തിയത്. മാര്‍ച്ച് 31ന് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണശമന്നായിരുന്നു ഉടമ്പടി. എന്നാല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെ തുടര്‍ന്ന് ചില സ്‌കൂളുകളില്‍ പ്രവൃത്തി താല്‍ക്കാലികമായി ക്രമീകരിച്ചു. പ്രധാനാധ്യാപകര്‍ ഡി.ഡി.ഇക്ക് നേരിട്ട് നല്‍കിയ അഭ്യര്‍ഥനയെ തുടര്‍ന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലുമായിരുന്നു ഈ സമയത്തെ പ്രവൃത്തികര്‍ ക്രമീകരിക്കേണ്ടി വന്നത്. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്ന സമയത്ത് സ്‌കൂളുകളില്‍ മറ്റ് പ്രവൃത്തികളോ, പുറമെ നിന്നുള്ളവര്‍ പ്രവേശിക്കുന്നതോ അനുവദിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. 19 സ്‌കൂളുകളില്‍ 16 സ്‌കൂളുകളിലും പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു. ഇനിയുള്ളത് മൂന്ന് സ്‌കൂളുകളിലെ പ്രവൃത്തിയാണ്. ഇതില്‍ വെള്ളാര്‍മലയില്‍ 62,364 രൂപയുടെ പ്രവൃത്തിയാണ് പൂര്‍ത്തീകരിക്കാനുള്ളത്. അമ്പലവയലില്‍ ഒരു റെസ്റ്റ് റൂമിന്റെ 62,364 രൂപയുടെ പ്രവൃത്തിയും മറ്റൊന്നില്‍ 2,17,404 ലക്ഷത്തിന്റെ പ്രവൃത്തിയും പൂര്‍ത്തീകരിക്കാനുണ്ട്. ഇവിടെ പ്രവൃത്തികള്‍ തുടരവെയാണ് ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫ് അംഗം പദ്ധതിയില്‍ അഴിമതി ആരോപണവുമായി രംഗത്തുവരുന്നത്. പിന്നാലെ മൂന്നിടത്തും നിര്‍മ്മാണ പ്രവൃത്തികള്‍ തടയുകയും ചെയ്തു. ഏപ്രില്‍ അഞ്ചിന് ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രവൃത്തി തടഞ്ഞതിനാല്‍ ഈ മൂന്ന് സ്‌കൂളുകളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഇക്കാരണത്താല്‍ 3,42,132 രൂപയുടെ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി കാഡ്‌കോക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നത്. നിലവില്‍ മാര്‍ച്ച് 31ന് പദ്ധതിയുടെ മുഴുവന്‍ തുകയും കാഡ്‌കോയുടെ കോഴിക്കോട് റീജ്യണല്‍ ഓഫിസറുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. ഇന്റുമിനിറ്റി ബോണ്ട് വാങ്ങിയായിരുന്നു നിര്‍വഹണ ഉദ്യോഗസ്ഥ ഈ പണം കൈമാറിയത്. പദ്ധതിക്കായി നല്‍കിയ പണം ഇപ്പോഴും സര്‍ക്കാര്‍ സ്പാപനമായ കാഡ്‌കോയുടെ റീജ്യണല്‍ ഓഫിസറുടെ പേരില്‍ കോഴിക്കോട് കനറാ ബാങ്കിലുള്ള 0808201005758 അക്കൗണ്ടില്‍ കിടക്കുകയാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഡി.ഡി.ഇ നല്‍കിയെങ്കില്‍ മാത്രമെ ഈ പണം കാഡ്‌കോക്ക് തങ്ങളുടെ കീഴിലുള്ള ആര്‍ട്ടിസാന്‍സ് യൂനിറ്റുകള്‍ക്ക് കൈമാറാന്‍ സാധിക്കുകയുള്ളൂ. ഡി.ഡി.ഇ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ നിലവില്‍ ഈ പ്രവൃത്തി എടുത്ത ആര്‍ട്ടിസാന്‍ യൂണിയനുകള്‍ക്ക് ഒരു രൂപ പോലും ലഭ്യമായിട്ടില്ല. 95 ലക്ഷത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത 3, 42, 132 രൂപയും ഇതിന്റെ പലിശയും ഡി.ഡി.ഇ ആവശ്യപ്പെട്ടാല്‍ കാഡ്‌കോ തിരിച്ചു നല്‍കണം. വസ്തുതകള്‍ ഇതായിരിക്കെയാണ് കല്ലുവെച്ച നുണപ്രചരണവുമായി എല്‍.ഡി.എഫ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്തിനെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളാണ് കാഡ്‌കോ നല്‍കിയതെന്നാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിക്കുന്നത്. സംസ്ഥാനത്തെ ആയിരത്തിലധികം തദ്ദേശസ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും കരാറുകള്‍ ഏറ്റെടുത്ത് നടത്തുന്ന കാഡ്‌കോക്കെതിരെ ഉയര്‍ന്ന ആക്ഷേപം ഗൗരവത്തോടെയാണ് ജില്ലാ പഞ്ചായത്തും കാണുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ ഇത്തരത്തിലാണ് പ്രവൃത്തികളാണ് നടക്കുന്നെന്ന എല്‍.ഡി.എഫ് അംഗങ്ങളുടെ ആരോപണം വ്യവസായ മന്ത്രിയുടെ ശ്രദ്ധയിലടക്കം കൊണ്ടുവരും. സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളില്‍ ലാഭത്തിലുള്ള മൂന്നാമത്തെ സ്ഥാപനമായ കാഡ്‌കോ. കഴിഞ്ഞ വര്‍ഷത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വ്യവസായവകുപ്പ മന്ത്രി നേരിട്ട് അഭിനന്ദന പത്രം നല്‍കിയ സ്ഥാപനത്തിരെയാണ് ഇത്തരത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപണമുന്നയിക്കുന്നത് എന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്. ജില്ലാ പഞ്ചായത്തിലേക്ക് നടന്ന സമരങ്ങളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി.ഡി.ഇയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് വെള്ളിയാഴ്ച നടന്ന ബോര്‍ഡ് മീറ്റിംഗില്‍ 24ാമത്തെ അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. ഡി.ഡി.ഇയോട് യോഗത്തില്‍ നേരിട്ട് ഹാജരാവാനും നിര്‍ദേശം നല്‍കിയിരിന്നു. എന്നാല്‍ എല്‍.ഡി.എഫ് അംഗം സുരേഷ് താളൂര്‍ ഈ വിഷയത്തില്‍ നല്‍കിയ കത്ത് അജണ്ടയായി ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഒരേ വിഷയത്തില്‍ രണ്ട് അജണ്ട ഉള്‍പ്പെടുത്തേണ്ടതില്ലെന്ന നിഗമനത്തിലാണ് ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട് അജണ്ടയാക്കിയത്. വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് എല്‍.ഡി.എഫ് അംഗങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആക്ഷേപങ്ങളും ഉന്നയിക്കാനും നിലപാടുകള്‍ വ്യക്തമാക്കാനും സാധിക്കുമെന്നിരിക്കെയാണ് അവര്‍ യോഗം ബഹിഷ്‌കരിച്ചത്. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് അഴിമതിയല്ല പദ്ധതിയുടെ ജനപിന്തുണ തകര്‍ക്കുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന്. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തെ യു.ഡി.എഫ് അംഗങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. കാഡ്‌കോയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള എല്‍.ഡി.എഫ് അംഗങ്ങളുടെ ശ്രമം സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ സൗഹൃദമെന്ന സംസ്ഥാനമെന്ന അവകാശവാദം പൊള്ളയാണെന്നാണ് വ്യക്തമാക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ബി നസീമ, സീത വിജയന്‍, അമല്‍ ജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *