June 6, 2026

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന: മെയ് 30ന് കോണ്‍ഗ്രസ് കലക്‌ട്രേറ്റ് ഉപരോധിക്കും കോടികള്‍ മുടക്കിയുള്ള സര്‍ക്കാര്‍ വാര്‍ഷികാഘോഷം ജനങ്ങളോടുള്ള വെല്ലുവിളി: കോണ്‍ഗ്രസ്

0
ei3TRQW27854.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരും സാധാരണജനങ്ങളും വലിയ പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ കോടികള്‍ മുടക്കി രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. ആഘോഷങ്ങള്‍ക്ക് വേണ്ടി മുടക്കുന്ന കോടികളുടെ ചെറിയ ഒരു ശതമാനമുണ്ടെങ്കില്‍ വയനാട്ടിലെ കര്‍ഷകരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ കഴിയും എന്നിരിക്കെ സര്‍ക്കാര്‍ നടത്തുന്ന ഈ പ്രവൃത്തി വയനാട്ടിലെ ജനങ്ങളോടുള്ള അവഹേളനമാണ്. സഹകരണ സ്ഥാപനങ്ങളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പലിശ ഈടാക്കാനുള്ള നീക്കത്തിനെതിരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നികുതിയും ഫീസുകളും കുത്തനെ വര്‍ധിപ്പിച്ച നടപടിക്കെതിരെയും വായനാടിനോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് മെയ് 30ന് കലക്ടറേറ്റ് ഉപരോധിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2013 മുതല്‍ കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന വായ്പാ സംവിധാനം സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് കൊണ്ട് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. 4 ശതമാനം പലിശയ്ക്ക് നബാഡ് പ്രഥമിക സഹകരണ സംഘങ്ങള്‍ മുഖേന നല്‍കിയിരുന്ന കാര്‍ഷിക വായ്പയുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുത്താണ് കര്‍ഷകര്‍ക്ക് പലിശ രഹിതമായി വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നത്. ഇത്തരത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പലിശ ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള തുക നല്‍കാതായതാണ് സഹകരണ സ്ഥാപനങ്ങളെയും കര്‍ഷകരെയും ഒരുപോലെ ബുദ്ധിമുട്ടില്‍ ആക്കിയിരിക്കുന്നത്. ഇത് എത്രയും വേഗം പരിഹരിക്കാന്‍ നടപടി ഉണ്ടാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നികുതികളും ഫീസുകളും വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുക വഴി സാധാരണക്കാരന്റെ മേല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാര്‍ ചുമത്തുന്നത്. സര്‍ക്കാരിനും ഭരണമുന്നണിക്കും സാധാരണ ജനങ്ങളോട് യാതൊരുവിധ പ്രതിബദ്ധതയും ഇല്ലെന്നാണ് ഈ തീരുമാനം വ്യക്തമാക്കുന്നത്. പട്ടിണി പാവങ്ങളായ ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കി ധൂര്‍ത്തടിക്കാനുള്ള സര്‍ക്കാര്‍ശ്രമം അപലപനീയമാണ്. ജില്ലയോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വലിയ അവഗണനയാണ് കാണിക്കുന്നത്. കര്‍ഷകരെയും തൊഴിലാളികളെയും സഹായിക്കാന്‍ കഴിയുന്ന ഒരു പദ്ധതിയും വയനാടിന് അനുവദിച്ച് കിട്ടുന്നില്ല. വികസന രംഗത്തും ചിറ്റമ്മ നയമാണ് വയനാടിനോട് സ്വീകരിക്കുന്നത്. ആരോഗ്യ മേഖല, രാത്രി യാത്ര നിരോധനം, ബദല്‍ പാതകള്‍, റെയില്‍വേ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വയനാട് ഉന്നയിക്കുന്ന വലിയ വിഷയങ്ങളോട് മുഖം തിരിഞ്ഞ് നിക്കുന്ന സമീപനം സര്‍ക്കാരുകള്‍ അവസാനിപ്പിക്കണം. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ള വിധിയുടെ അവ്യക്തത മാറ്റുന്നതിനും സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. വയനാട് അഭിമുഖീകരിക്കുന്ന ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മെയ് 21 മുതല്‍ ജില്ലയില്‍ ഉടനീളം വാഹന പ്രചാരണജാഥ സംഘടിപ്പിക്കാനും മെയ് 30ന് കലക്‌ട്രേറേറ്റ് ഉപരോധം സംഘടിപ്പിക്കാനും ജില്ലാ കോണ്‍ഗ്രസ് ജനറല്‍ബോഡി യോഗം തീരുമാനിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജമീല അലിപ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, പി.പി. ആലി, കെ.ഇ. വിനയന്‍, കെ.വി. പോക്കര്‍ ഹാജി, വി.എ. മജീദ്, ടി.ജെ. ഐസക്ക്, എന്‍.കെ. വര്‍ഗീസ്, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, നിസി അഹമ്മദ്, നജീബ് കരണി, ബിനു തോമസ്, പോള്‍സണ്‍ കൂവക്കല്‍, ചിന്നമ്മ ജോസ്, മോയിന്‍ കടവന്‍, സില്‍വി തോമസ്, എടക്കല്‍ മോഹനന്‍, എന്‍.സി. കൃഷ്ണകുമാര്‍, ഡി.പി. രാജശേഖരന്‍,കമ്മന മോഹനന്‍, പി.എം. സുധാകരന്‍, എക്കണ്ടി മൊയ്തൂട്ടി, പി.ഡി. സജി, പി.കെ. അബ്ദുറഹിമാന്‍, ആര്‍.രാജേഷ്‌കുമാര്‍, എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *