പരാതികള്‍ പലവിധം അതിവേഗം തീരുമാനം

കൽപ്പറ്റ : വീടില്ലാത്തതിന്റെ അപേക്ഷകള്‍ മുതല്‍ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ വരെയും സര്‍ട്ടിഫിക്കറ്റ് ലഭ്യമാകത്തതിന്റെയും അതിര്‍ത്തി പ്രശ്നങ്ങള്‍ വരെയുമുള്ള നാനാവിധ പരാതികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ പൊതുജനങ്ങളെത്തിയത്. ദീര്‍ഘകാലമായി പലകാരണങ്ങളാല്‍ തീരുമാനമാകാതിരുന്ന പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ അദാലത്തില്‍ സംവിധാനമുണ്ടായിരുന്നു. ലൈഫ് മിഷനില്‍ വീടിനായി അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല എന്നതായിരുന്നു നിരവധി പേരുടെ പരാതികള്‍. ഇത്തരം കേസുകളില്‍ അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവരെ അദാലത്ത് ചുമതലപ്പെടുത്തി. അവഗണിക്കപ്പെട്ടുവെന്ന പരാതികളില്‍ അന്വേഷണം നടത്തി അര്‍ഹമായ പരിഗണന നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ മുടങ്ങുന്ന പരാതികള്‍ ഉടന്‍ തീര്‍പ്പാക്കും. ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് തഹസില്‍ദാര്‍ അടക്കമുള്ള അധികൃതരെ ചുമതലപ്പെടുത്തി. അതിര്‍ത്തി തര്‍ക്കങ്ങള്‍ സംബന്ധിച്ചുള്ള പരാതി, വഴിതര്‍ക്കം എന്നിവയില്‍ പരസ്പരധാരണയില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കും. പ്രകൃതി ക്ഷോഭത്തില്‍ നഷ്ടപരിഹാരം ലഭ്യമാകാത്ത പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് അന്വേഷണം നടത്തി പരിഹാരം കാണും.



Leave a Reply