May 1, 2024

പ്രസവ പരിചരണ വിഭാഗം; അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കും : മന്ത്രി വീണാ ജോർജ്ജ്

0
20230528 165315.jpg
ബത്തേരി : ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ പ്രസവ പരിചരണ വിഭാഗത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സുൽത്താൻ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
സർക്കാർ ആശുപത്രികൾ സാധാരണക്കാർക്ക് ആശ്രയമാണ്. മികച്ച ചികിത്സയും സൗകര്യവും ഒരുക്കുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 
സൗര ആശുപത്രി പദ്ധതി – സോളാർ പ്ലാന്റ്, ഓക്സിജൻ ജനറേഷൻ പ്ലാന്റ്, കാഷ്വാലിറ്റി ബ്ലോക്ക്, ഓപ്പറേഷൻ തിയേറ്റർ, ലിഫ്റ്റുകൾ, പെയിൻ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിംഗ് സെന്റർ, ക്യാൻസർ കീമോതെറാപ്പി യൂണിറ്റ്, ഭിന്നശേഷി കുട്ടികളുടെ ഫിസിയോതെറാപ്പി യൂണിറ്റ്, റിങ് റോഡ്, ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ്, വേങ്ങൂർ അർബൻ പി.എച്ച്.എസ്.സി പോളിക്ലിനിക് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിച്ചു.
 അഞ്ചുകോടി രൂപ ചെലവിലാണ് അത്യാഹിത വിഭാഗവും ഓപ്പറേഷൻ തിയേറ്ററും നവീകരിച്ചത്. ഓർത്തോ ജനറൽ സർജറി എന്നിവയ്ക്ക് പ്രത്യേകം തിയറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. എൻ.എച്ച്.എം ഫണ്ടിൽ ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് പെയിൻ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രെയിനിങ് സെന്റർ നിർമ്മാണം പൂർത്തിയാക്കിയത്. 14.5 ലക്ഷം രൂപ ചെലവിൽ അഞ്ച് കിടക്കകളുള്ള ക്യാൻസർ സെന്റർ, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും 51 ലക്ഷം ചെലവിൽൽ കുട്ടികൾക്കുള്ള ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവയും നിർമ്മിച്ചു.
പൊതുമരാമത്തിന്റെ 1.10 കോടി വിനിയോഗിച്ചാണ് റിങ് റോഡ് നിർമ്മിച്ചത്. ആരോഗ്യ കേരളം ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് നിർമ്മാണം. നാല് ലക്ഷം രൂപ വിനിയോഗിച്ച് ഓക്സിജൻ ജനറേഷൻ പ്ലാന്റും നിർമ്മിച്ചു. കെ.എസ്.ഇ.ബിയുടെ സൗര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 166 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിച്ചത്.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, ഡി.എം.ഒ. ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. സിന്ധു, തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *