വായ്പ തട്ടിപ്പ്: കര്‍ഷകൻ സമീപവാസിയുടെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍
പുല്‍പ്പള്ളി: വായ്പ തട്ടിപ്പ് ഇരയായ കര്‍ഷകനെ സമീപവാസിയുടെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കേളക്കവല ചെമ്പകമൂല കിഴക്കേഇടയിലത്ത് രാജേന്ദ്രന്‍ നായരാണ്(55) മരിച്ചത്. വിഷം അകത്തുചെന്നാണ് മരണമെന്നാണ് പ്രദേശവാസികളുടെ പ്രാഥമിക നിഗമനം. തിങ്കഴാഴ്ച രാത്രി 10 മണിക്കുശേഷം രാജേന്ദ്രന്‍ നായരെ കണാതായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടത്. കുറച്ചുകാലം സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്തിട്ടുണ്ട്.
രാജേന്ദ്രന്‍ നായര്‍ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏകദേശം 40 ലക്ഷം രൂപ കുടിശികയുണ്ടെന്നും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ട്. എന്നാല്‍ 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നു ചെറുകിട കര്‍ഷകനായ രാജേന്ദ്രന്‍ നായര്‍ സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നത്. തന്റെ പേരില്‍ ബാങ്കില്‍ വന്‍തുക ബാധ്യതയുണ്ടെന്നു അറിഞ്ഞതുമുതല്‍ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു. ബാങ്കില്‍ വര്‍ഷങ്ങള്‍മുമ്പ് നടന്നതും വിവാദമായതുമായ വായ്പ തട്ടിപ്പിനു ഇരയാണ് രാജേന്ദ്രന്‍ നായരെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരേ ജനകീയ സമര സമിതി ബാങ്കിനു മുന്നില്‍ നടന്ന പ്രക്ഷോഭത്തില്‍ രാജേന്ദ്രന്‍ നായര്‍ സജീവമായി പങ്കെടുത്തിരുന്നു.
ശ്രീധരന്‍ നായരുടെയും പരേതയായ ജാനകിയുടെയും മകനാണ് രാജേന്ദ്രന്‍ നായര്‍. വര്‍ഷങ്ങള്‍ മുമ്പ് വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ മുഖേന ബാധ്യതയെക്കുറിച്ചു അറിഞ്ഞതിനു പിന്നാലെയായിരുന്നു ജാനകിയുടെ മരണം. ജലജയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
Leave a Reply