മാനന്തവാടി മെഡിക്കൽ കോളേജിൽ 20 മുതൽ കാർഡിയോളജി ഒപി ആരംഭിക്കും
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 20 മുതൽ കാർഡിയോളജി ഒപി ആരംഭിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഹൃദ്രോഗ വിദഗ്ധരുടെ സേവനം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നുള്ള രണ്ട് സീനിയർ ഡോക്ടർമാരെയാണ് ആഴ്‌ചയിൽ രണ്ടുദിവസം വയനാട്ടിലേക്ക് നിയമിച്ചിട്ടുള്ളത്. മറ്റുഡോക്ടർമാർ കാർഡിയോളജിയിലേക്ക് റഫർ ചെയ്യുന്നവരെയാണ് ഇവർ പരിശോധിക്കുക. വയനാട് മെഡിക്കൽ കോളേജിലെ ആദ്യ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗമായി കാർഡിയോളജി മാറും. കാത്ത്‌ലാബ്‌കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ഹൃദ്രോഗികൾക്ക് ഇവിടെ വിദഗ്‌ധ ചികിത്സ ലഭ്യമാകും. കാത്ത് ലാബിൽ ഉപകരങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിയാണ് അവശേഷിക്കുന്നത്. മെഷിനറികൾ സ്ഥാപിക്കാനുള്ള ചുമതല കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ്. ആശുപത്രിയിലെ ആറ് നഴ്‌സുമാർക്ക് കാത്ത്‌ലാബ് ജോലി ചെയ്യുന്നതിനുള്ള പരിശീനവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗത്തിൽ കാത്ത്‌ലാബിന്റെ പ്രവർത്തനും മൾട്ടിപർപ്പസ് കെട്ടിടവും വേഗത്തിൽ ഉപയോഗപ്പെടുത്താൻ തീരുമാനം എടുത്തിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ധരെ നിയമിച്ചതോടെ കാത്ത്‌ലാബിന്റെ പ്രവർത്തനങ്ങളും വേഗത്തിലാക്കും. കാത്ത്‌ലാബ് തുടങ്ങുന്നതിനുള്ള വൈദ്യുതി പ്രശ്‌നം ഒ ആർ കേളു എഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് 500 കെവി ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് പരിഹരിച്ചിരുന്നു.






Leave a Reply