സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ പേരിൽ നടക്കുന്നത് അഴിമതി
കൽപ്പറ്റ : വയനാട് ജില്ലയിലെ പ്രമുഖ ടൂറിസം സംരംഭകരെ ഒഴിവാക്കി അഴിമതിക്കും വെട്ടിപ്പിനും വേണ്ടി വിരലിലെണ്ണാവുന്ന അംഗങ്ങളുള്ള സംഘടനയെ കൂട്ടുപിടിച്ചു സ്പ്ലാഷ് എന്ന പേരിൽ നടത്തുന്ന മഴ മഹോൽസവം എന്ന മാമാങ്കം അഴിമതിയും ധൂർത്തുമാണെന്നു വയനാട് ടൂറിസം അസോസിയേഷൻ (ഡബ്ള്യു.ടി എ) ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആയിരത്തിലധികം അംഗങ്ങളുള്ള ഡബ്ള്യു ടി എയെ പങ്കെടുപ്പിക്കാതെ അമ്പതിൽ താഴെ മാത്രം അംഗങ്ങളുള്ള ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയെ മാത്രം കൂടെ കൂട്ടി 30 ലക്ഷം രൂപ സർക്കാർ ഫണ്ടുപയോഗിച്ചു നടത്തുന്ന ആഘോഷം ഈ സംഘടനക്കാരുടെയും ടൂറിസം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും നിക്ഷിപ്ത താല്പര്യത്തിനനുസരിച്ചു മാത്രമാണ് നടത്തുന്നത്. ഇത്തരം മഹോത്സവങ്ങൾ കൊണ്ട് ജില്ലയിലെ ടൂറിസം മേഖലക്ക് യാതൊരു ഗുണവും ലഭിച്ചിട്ടില്ല. സർക്കാർ അനുവദിക്കുന്ന ഫണ്ടിന് പുറമെ പതിനായിരക്കണക്കിന് രൂപയാണ് സ്റ്റാളുകൾക്ക് ഈടാക്കുന്നത്. ഇങ്ങനെ വലിയ തോതിലുള്ള ഫണ്ട് തട്ടിപ്പാണ് സ്പ്ലാഷ് വഴി സംഘാടകർ നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിക്കും, ടൂറിസം മന്ത്രിക്കും ഇതുസംബന്ധിച്ചു പരാതി നാകുമെന്നും അവർ അറിയിച്ചു. ഡബ്ള്യു ടി എ പ്രസിഡന്റ് കെ പി സൈതലവി, ട്രെഷറർ സൈഫുള്ള വൈത്തിരി, മറ്റു ഭാരവാഹികളായ സുമ പള്ളിപ്രം, അൻവർ മേപ്പാടി, പ്രബിത ശാലു, ബാബു ബത്തേരി, മനോജ് കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.






Leave a Reply