പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ പെൻഷൻ, ഗ്യാസ് ,മസ്റ്ററിംഗ് ചെയ്യുന്നതിന് പ്രത്യേക കേന്ദ്രം ആരംഭിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഉപഭോക്താക്കൾക്കും ഗ്യാസ് ഉപഭോക്താക്കൾക്കും മസ്റ്ററിംഗ് സൗകര്യപൂർവ്വം പൂർത്തിയാക്കുന്നതിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രത്യേക അക്ഷയ മസ്റ്ററിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. പടിഞ്ഞാറത്തറ ബസ്റ്റാൻഡിൽ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഏതാണ്ട് അയ്യായിരത്തോളം വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഉപഭോക്താക്കൾ മസ്റ്ററിംഗിനായി നിലവിലെ അക്ഷയ സെന്ററിനെയാണ് ആശ്രയിച്ചിരുന്നത്. അവിടെ മറ്റ് സർക്കാർ സേവനങ്ങൾ കൂടി നടന്നിരുന്നതിനാൽ പെൻഷൻ മസ്റ്ററിംഗിന് വലിയ തോതിൽ സമയനഷ്ടവും താമസവും നേരിട്ടിരുന്നു. കൂടാതെ നിലവിലെ അക്ഷയ സെന്റർ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്നതിനാൽ വയോധികരായ ആളുകൾക്ക് സ്റ്റെപ്പ് കയറി മുകളിലെത്താനും ബുദ്ധിമുട്ടായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രത്യേക താല്പര്യമെടുത്ത് താഴത്തെ നിലയിൽ ഈ താൽക്കാലിക കേന്ദ്രം ആരംഭിച്ചത്. പ്രായമുള്ളവർക്ക് ഏറെ ആശ്വാസകരമാണ് ഈ പുതിയ സംവിധാനം.
പ്രത്യേകം സജ്ജമാക്കിയ മസ്റ്ററിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി. ജോണി, നൗഷാദ്, എം.പി. ശ്രീജിത്ത്, ഷിബു, നജ്മത്ത്, സുഹറ പാലോളി, അസിസ്റ്റന്റ് സെക്രട്ടറി സോമൻ, അക്ഷയ സെന്റർ മാനേജർ അമീൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.





Leave a Reply