May 20, 2024

സ്നേഹിതയുടെ സാന്ത്വനത്തിന് എട്ട് വയസ്: അഭയം നല്‍കിയത് 854 പേര്‍ക്ക്

0
20230802 203036.jpg
കൽപ്പറ്റ :സാന്ത്വനത്തിന്റെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബശ്രീയുടെ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സൗജന്യ കൗണ്‍സിലിംഗ്, നിയമപിന്തുണ, ബോധവത്ക്കരണ ക്ലാസുകള്‍, അതിജീവന പിന്തുണ സഹായങ്ങള്‍, താത്ക്കാലിക അഭയം, പുനരധിവാസ സഹായം തുടങ്ങിയ സേവനങ്ങളാണ് കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ഉറപ്പുനല്‍കുന്നത്. അതിക്രമങ്ങള്‍ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതോടൊപ്പം നിയമ സഹായം, കൗണ്‍സിലിംഗ് തുടങ്ങിയ സേവനങ്ങളും താത്ക്കാലിക അഭയവും സ്നേഹിത വഴി ലഭ്യമാക്കും. 
സ്‌നേഹിത സഹായകേന്ദ്രത്തില്‍ ഇതുവരെ 5300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. താല്‍ക്കാലിക അഭയകേന്ദ്രം കൂടിയായ സ്‌നേഹിതയില്‍ 854 പേര്‍ക്ക് ഇതുവരെ അഭയം നല്‍കി. ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്‌നങ്ങള്‍, മദ്യപാനം, മാനസിക സമ്മര്‍ദം, സ്വത്ത് തര്‍ക്കം, മൊബൈല്‍ അഡിക്ഷന്‍, സാമ്പത്തിക വഞ്ചന, കുട്ടികളുടെ പഠന -പെരുമാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങി സ്‌നേഹിതയിലൂടെ പരിഹരിച്ച പ്രശ്‌നങ്ങള്‍ നിരവധിയാണ്.  
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകള്‍, ജന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ എന്നീ സംവിധാനങ്ങള്‍ വഴി അതിക്രമങ്ങള്‍ക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ സുരക്ഷിത താമസവും സൗജന്യ നിയമ സഹായവും മാനസിക പിന്തുണയും നല്‍കി വരുന്നു. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍, പരീക്ഷ, ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്കും സ്നേഹിതയുടെ ഷോര്‍ട്ട് സ്റ്റേ ഹോമില്‍ താമസിക്കാം. 
അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് ഉപജീവനം, അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പു വരുത്തുന്നു. പദ്ധതി മാര്‍ഗരേഖ പ്രകാരം സ്നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും 5 സേവനദാതാക്കള്‍, 2 കൗണ്‍സിലര്‍മാര്‍, 2 സെക്യൂരിറ്റി ഓഫീസര്‍മാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംവിധാനമാണ് സ്നേഹിത. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓഫീസ് റൂം, സേവനം ആവശ്യപ്പെട്ട് എത്തുന്നവര്‍ക്കുള്ള വിശ്രമമുറി, കൗണ്‍സിലിംഗ് റൂം, താത്ക്കാലിക താമസത്തിനുള്ള സൗകര്യം, കുടിവെളളം, സാനിട്ടറി സൗകര്യം എന്നീ സംവിധാനങ്ങള്‍ സ്നേഹിതയുടെ എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്.
സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ലിംഗ നീതി ലക്ഷ്യമിട്ടുള്ള വിവിധ പഠന പ്രക്രിയകളും അവബോധ പ്രവര്‍ത്തനങ്ങളും സ്‌നേഹിത നടത്തി വരുന്നു. സ്‌നേഹിത@സ്‌കൂള്‍, കോളജ് വഴി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അരക്ഷിതാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കി, പിന്തുണ നല്‍കി ലിംഗ സമത്വത്തിനായി നിലകൊള്ളുന്ന യുവതയെ വാര്‍ത്തെടുക്കുന്ന ജെന്‍ഡര്‍ ക്ലബുകളും സ്നേഹിതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്നേഹിതയുടെ കീഴില്‍ മാനന്തവാടി ബ്ലോക്കില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. സേവനങ്ങള്‍ക്കായി 04936 202033, 18004252776 എന്നീ നമ്പറുകളില്‍ സ്‌നേഹിതയിലേക്കു വിളിക്കാം. ലീഗല്‍ ക്ലിനിക് സ്‌നേഹിതയിലെത്തുന്ന പരാതികളില്‍ നിയമസഹായം ആവശ്യമായ കേസുകള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *