October 12, 2026

മിഷന്‍ ഇന്ദ്രധനുഷ്: തീവ്ര യജ്ഞത്തിന് ജില്ലയില്‍ തുടക്കം

0
IMG_20230807_170531.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കമ്പളക്കാട്:
സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞം മിഷന്‍ ഇന്ദ്രധനുഷ് പ്രതിരോധ കുത്തിവെയ്പ്പ് ജില്ലയില്‍ തുടങ്ങി. കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി സന്ദേശം നല്‍കി. 
കുട്ടികളും ഗര്‍ഭിണികളും അടക്കം 31 പേരാണ് ഉദ്ഘാടന സെഷനില്‍ പ്രതിരോധ കുത്തിവെയ്പ്പെടുത്തത്. കമ്പളക്കാട് ടൗണില്‍ നിന്നും ആരംഭിച്ച ബോധവല്‍ക്കരണ റാലി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത ഫ്ളാഗ് ഓഫ് ചെയ്തു. കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. വിവിധ ബോധവല്‍ക്കരണ കലാപരിപാടികളും അരങ്ങേറി. മിഷന്‍ ഇന്ദ്രധനുഷിന്റെ ഉദ്ഘാടന ദിവസത്തില്‍ ജില്ലയില്‍ 54 പ്രതിരോധ കുത്തിവെപ്പ് സെഷനുകള്‍ നടന്നു.
അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ വിട്ടുപോയവര്‍ക്ക് ഇതുവഴി വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, പ്രത്യേകം സജ്ജമാക്കിയ ഇടങ്ങള്‍, എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലേക്ക് മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ എന്നിവ വഴി പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ അവസരമൊരുക്കും. ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാംഘട്ടം സെപ്തംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നിത്യ ബിജുകുമാര്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി.എന്‍ സുമ, വാര്‍ഡ് മെമ്പര്‍ കമല രാമന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സാവന്‍ സാറ മാത്യു, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.സി സത്യന്‍, വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. രേഷ്മ, എ.ഇ.എഫ്.ഐ നോഡല്‍ ഓഫീസര്‍ ഡോ. ഇ.ആര്‍ അലോക്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, എം.സി.എച്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.എന്‍ രമണി, കണിയാമ്പറ്റ ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി മനോജ്, ഡോ. സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *