June 20, 2026

മുട്ടിൽ മരംമുറി: കർഷകരായ ഭൂവുടമകളിൽനിന്ന്‌ പിഴ ഈടാക്കാനുള്ള റവന്യു വകുപ്പ്‌ അധികൃതരുടെ നിലപാടിനെതിരെ സിപിഐ എം മുട്ടിൽ വില്ലേജ്‌ ഓഫീസ്‌ ഉപരോധിച്ചു

0
eiP5RAV87488.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : മുട്ടിൽ മരംമുറിയിൽ കർഷകരായ ഭൂവുടമകളിൽനിന്ന്‌ പിഴ ഈടാക്കാനുള്ള റവന്യു വകുപ്പ്‌ അധികൃതരുടെ നിലപാടിനെതിരെ സിപിഐ എം നേതൃത്വത്തിൽ മുട്ടിൽ വില്ലേജ്‌ ഓഫീസ്‌ ഉപരോധിച്ചു. റവന്യു അധികൃതർ നീതിപാലിക്കുക, മുട്ടിലെ മരംമുറി സംഭവത്തിൽ യഥാർഥ കുറ്റവാളികളെ ജയിലിലടക്കുക, കർഷകർക്ക്‌ ചുമത്തിയ പിഴ പിൻവലിക്കുക എന്നീ ആവശ്യങ്ങളുമായി മുട്ടിൽ ടൗണിൽനിന്ന്‌ പ്രകടനമായെത്തിയായിരുന്നു ഉപരോധം. പിഴ ഈടാക്കാൻ നോട്ടീസ്‌ ലഭിച്ച കർഷകരടക്കം ഉപരോധത്തിൽ പങ്കാളികളായി. 
   സർക്കാർ ഉത്തരവ്‌ ദുർവ്യാഖ്യാനംചെയ്‌ത്‌ ഭൂവുടമകളെ വഞ്ചിച്ച്‌ പട്ടയഭൂമികളിൽനിന്ന്‌ ഈട്ടി മുറിച്ച റോജി അഗസ്‌റ്റ്യൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാർ ഭൂവുടമകളായ കർഷകരെ കേസിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്‌ മറികടന്നും ചില റവന്യു അധികൃതർ കർഷകർക്ക്‌ പിഴ ഈടാക്കുമെന്നറിയിച്ച്‌ നോട്ടീസ്‌ അയക്കുകയായിരുന്നു. 60 ലക്ഷം രൂപ പിഴ അടയ്ക്കേണ്ടവർ ഉൾപ്പടെ 35 പേർക്ക്‌ നോട്ടീസ്‌ അയച്ചു. 27 പേർക്ക്‌‌ കൂടി നോട്ടീസ്‌ ഭീഷണിയുണ്ട്‌. ‌സിപിഐ എം മുട്ടിൽ സൗത്ത്‌, നോർത്ത്‌ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. റവന്യു വകുപ്പിന്റെ തെറ്റായ നടപടി പാവപ്പെട്ട ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന്‌ സി കെ ശശീന്ദ്രൻ പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം പി എം സന്തോഷ്‌കുമാർ അധ്യക്ഷനായി. കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരീസ്‌, എം മണി, എം ഡി സെബാസ്‌റ്റ്യൻ, വി വേണുഗോപാൽ, ജെയിൻ ആന്റണി, എൻ കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. വൈത്തിരി തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ചനടത്തി തുടർനടപടികൾ നിർത്തിവയ്ക്കുമെന്ന്‌ ഉറപ്പുനൽകിയതിനെ തുടർന്ന്‌ സമരം അവസാനിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *