May 5, 2026

പുൽപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരം പുറത്ത്:പിതാവ് ഒളിവിലെന്ന് സൂചന

0
20231016_154217
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: യുവാവിനെ വീടിനുള്ളിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് ശിവദാസൻ ഒളിവിൽ. എരിയപ്പള്ളിക്കടുത്ത് കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകൻ അമൽ ദാസ് (നന്ദു – 21 ) വിനെയാണ് വീടിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് അമൽ ദാസിനെ വീടിനുള്ളിൽ കട്ടിലിൽ തല തകർന്നു മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അമൽ ദാസും ശിവദാസനും മാത്രമേ താമസമുള്ളൂ. ഭാര്യ സരോജിനി ഏതാനും വർഷങ്ങളായി ഗോവയിൽ ജോലി ചെയ്യുകയാണ്. ശിവദാസനും സരോജിനിയുമായി നിരന്തരം കുടുംബ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സരോജിനി ജോലിക്കായി ഗോവയിലേക്ക് പോയത്.

 

ഇതേ തുടർന്ന് വീണ്ടും ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും തർക്കം പരിഹരിക്കാനായി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തണം എന്ന് ഉത്തരവ് നിലനിൽക്കുമ്പോഴാണ് സംഭവം നടക്കുന്നത്. അമൽ ദാസ് ബന്ധുവായ ബിബിനോടൊപ്പം സമീപത്തെ വയലിൽ നെൽകൃഷിക്ക് വന്യമൃഗങ്ങളിൽ നിന്നും ആക്രമണം തടയുന്നതിനായി കാവൽ കിടക്കുകയായിരുന്നു. പുലർച്ചെ ആറെ മുക്കാലോടെയാണ് അമൽദാസ് വീട്ടിലെത്തിയത്. പോലീസ് കേസിനെ തുടർന്ന് കഴിഞ്ഞദിവസം ഗോവയിൽ നിന്നും എത്തിയ സരോജിനി അവരുടെ കബനിഗിരിയിലെ വീട്ടിലായിരുന്നു. അമൽദാസ് അമ്മയോട് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ശിവദാസൻ ആക്രമിച്ചത് എന്ന് കരുതപ്പെടുന്നു. സരോജിനിയുമായുള്ള സംഭാഷണത്തിനിടയിൽ അമൽ ദാസിന്റെ ഞരക്കം കേട്ട് സംശയം തോന്നിയ സരോജിനി ഇവരുടെ വീടിനടുത്തുള്ള വാർഡ് മെമ്പർ സിന്ധു സാബുവിനെ വിവരം അറിയിക്കുകയായിരുന്നു. പരിസരവാസിയായ സാബു, ശിവദാസന്റെ വീട്ടിലെത്തി ഇവരെ വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വീടിന്റെ ജനലിലൂടെ നോക്കുമ്പോഴാണ് അകത്ത് കട്ടിലിൽ അമൽദാസ് രക്തം വാർന്ന് നിശ്ചലനായി കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം പുൽപ്പള്ളി പോലീസിൽ അറിയിക്കുകയും പോലീസ് സംഭവ സ്ഥലത്തെത്തുകയുമായിരുന്നു .

 

സംഭവം നടന്നപ്പോൾ മുതൽ ശിവദാസൻ ഒളിവിലാണ്. സരോജിനിയെ വധിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ശിവദാസന്റെ പേരിൽ പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ നിലവിൽ പരാതിയുണ്ട്. പോലീസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും നായ സമീപത്തെ വനത്തിന്റെ അതിർത്തി വരെയെത്തി തിരികെ പോരുകയായിരുന്നു. അമൽദാസ് പെയിന്റിംഗ് തൊഴിലാളിയാണ്. സഹോദരി കാവ്യ .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *