12 കോളജുകളില്‍ വിജയിച്ചുവെന്നത് എസ് എഫ് ഐയുടെ കള്ളപ്രചരണം:മികച്ച വിജയം സമ്മാനിച്ച വിദ്യാര്‍ഥി സമൂഹത്തിന് നന്ദി: കെ എസ് യു
കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യുവിന് മികച്ച വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി പറയുന്നതായി ജില്ലാപ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് പറഞ്ഞു. എസ് എഫ് ഐയുടെ അക്രമരാഷ്ട്രീയത്തിനും, സംസ്ഥാനസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനുമെതിരായ ക്യാംപസുകളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പിലൂടെ കാണാനായത്. വയനാട് ജില്ലയില്‍ സംഘടനാപരമായി തിരഞ്ഞെടുപ്പ് നടന്നത് 12 കോളജുകളിലാണ്. ഇതില്‍ ആറിടത്ത് എസ് എഫ് ഐ സമ്പൂര്‍ണ തോല്‍വിയറിഞ്ഞു. കെ എസ് യു മൂന്നിടത്തും, യു ഡി എസ് എഫ് സഖ്യം രണ്ടിടത്തും, എം എസ് എഫ് ഒരിടത്തും വിജയിച്ചു. നടവയല്‍ സി എം കോളജില്‍ 12 ജനറല്‍ സീറ്റുകള്‍ അഞ്ചിടത്ത് വിജയിച്ചത് യു ഡി എസ് എഫ് സഖ്യമാണ്. കല്‍പ്പറ്റ ഗവ. കോളജിലെ സുപ്രധാനസീറ്റുകളായ ചെയര്‍മാന്‍, യു യു സി ഉള്‍പ്പെടെ മൂന്നിടത്ത് വിജയിച്ചത് യു ഡി എസ് എഫ് സഖ്യമാണ്. വസ്തുതകള്‍ ഇതായിരിക്കെ 12 ഇടത്ത് വിജയിച്ചുവെന്ന എസ് എഫ് ഐയുടെ വാദം അടിസ്ഥാനരഹിതമാണ്. സംഘടനാപരമായി മത്സരം നടക്കാത്ത ആറ് ബിഎഡ് കോളജുകളിലെ യു യു സികളിലേക്ക് വിജയിച്ചുവെന്ന പേരിലാണ് എസ് എഫ് ഐ ഈ നുണപ്രചരണം നടത്തുന്നത്. എന്നാല്‍ ഇവരെല്ലാം നിഷ്പക്ഷമായി മത്സരിച്ചവരാണ്. 18-ല്‍ 12 ഇടത്തും വിജയിച്ചുവെന്ന് പറയുന്നത് തോല്‍വിയുടെ ആഘാതം മറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ തോല്‍വിയെ ഭയന്നിരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ ജില്ലയിലെ പല ക്യാംപസുകളിലും അക്രമം അഴിച്ചുവിട്ടിരുന്നു. അല്‍ഫോന്‍സാ കോളജില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇതിനെതിരെ വയനാട്ടിലെ വിദ്യാര്‍ത്ഥി സമൂഹം നല്‍കിയ കൃത്യമായ മറുപടിയാണ് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്കേറ്റ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം കെ എസ് യുവിന്റെ വന്‍മുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പിലൂടെ കാണാന്‍ സാധിച്ചത്. വര്‍ഷങ്ങളായി എസ് എഫ് ഐ കൈവശം വെച്ചുവന്നിരുന്ന പാലക്കാട് വിക്‌ടോറിയ കോളജ്, ഒറ്റപ്പാലം എന്‍ എസ് എസ് കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് തുടങ്ങിയ ക്യാംപസുകളില്‍ ഉള്‍പ്പെടെ തിളക്കമാര്‍ന്ന വിജയമാണ് കെ എസ് യു ഇത്തവണ നേടിയിരിക്കുന്നത്. വയനാട് ജില്ലയിലെ ഉജ്വലവിജയത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ‘വിക്ടറി ഡേ’ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുമെന്നും ഗൗതം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നിയോജകമണ്ഡലം ഭാരവാഹി മുബാരിഷ് അയ്യാരും പങ്കെടുത്തു.





Leave a Reply