സംസ്ഥാന സർക്കാർ വയനാട് ജനതയെ ക്രൂശിക്കുന്നു
കൽപ്പറ്റ : ചുരത്തിലെ 6, 7, 8 വളവുകളുടെ വികസനത്തിന് വേണ്ടി വനം വകുപ്പ് സ്ഥലം വിട്ട് നൽകിയിട്ടും വികസന പ്രവർത്തികൾ ആരംഭിക്കാത്ത സർക്കാർ വയനാടൻ ജനതയെ വഞ്ചിക്കുകയാണ്. ചുരത്തിൽ ആറും ഏഴും മണിക്കൂറുകൾ വാഹനങ്ങൾ ബ്ലോക്കിൽപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വയനാട്ടിൽ ഒരു മെഡിക്കൽ കോളേജോ അത്യാധുനിക സംവിധാനമുള്ള ഒരു ആശുപത്രിയോ ഇല്ലാത്തതിനാൽ അത്യാസന്ന നിലയിലുള്ള രോഗികളെ ചികിൽസിക്കുന്നതിന് കോഴിക്കോടുള്ള വിവിധ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഈ അവസ്ഥയിൽ രോഗികളെ കൃത്യസമയത്ത് ആശുപത്രികളിലെത്തിക്കുന്നതിന് ചുരത്തിലെ ഗതാഗത തടസ്സം വലിയൊരു പ്രശ്നം തന്നെയാണ്. ദീർഘനേരം ആംബുലൻസുകൾ ചുരത്തിൽ കുടുങ്ങുന്നതിനാൽ പലരും ചികിത്സ ലഭിക്കാനാവാതെ വഴിയിൽ തന്നെ മരണപ്പെടുകയും ചെയ്ത സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. അതിനാൽ വായനാട്ടുകാർക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ചിപ്പിലിത്തോട് – മരുതിലാവ് വഴി വൈത്തിരി – തളിപ്പുഴയിൽ എത്തിപ്പെടുന്ന ചുരം ബൈ-പാസ്സ്. ഇത് യാഥാർഥ്യമായാൽ വയനാടൻ ജനത അനുഭവിക്കുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഏറെ ആശ്വാസമായിരിക്കും. വയനാടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സാണ് ടൂറിസം. നാഷണൽ ഹൈവേയിൽ ഉൾപ്പെടുന്ന ഈ ചുരത്തിലുണ്ടാകുന്ന മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗത തടസ്സം ടൂറിസ്റ്റുകള്‍ക്ക് വയനാട്ടിലേക്ക് എത്തുന്നതിനുള്ള ആകര്‍ഷണം കുറയ്ക്കുകയും ചെയ്യുന്നു. അത്പോലെ തന്നെ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാതയുടെ പൂർത്തീകരിക്കാത്ത ഭാഗം അടിയന്തിരപ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പൂർത്തീകരിച്ചാൽ മാത്രമേ വയനാടിന്‍റെ ഗതാഗത സൗകര്യങ്ങൾ വികസിക്കുകയുള്ളൂ.
നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് വര്‍ഷവും വില കൂട്ടില്ല എന്ന് പ്രകടന പത്രികയില്‍ പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കഴിയാതെയും പൊതുവിതരണ സമ്പ്രദായം പാടെ തകര്‍ക്കുകയും ചെയ്തിരിക്കുന്നു. അവശ്യസാധനങ്ങള്‍ ഒരു സപ്ലൈക്കോ സ്ഥാപനങ്ങളിലും സ്റ്റോക്കില്ല. ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. ഇന്നലെ മുതൽ റേഷൻ വിതരണവും നിലച്ചിരിക്കുകയാണ്. മാത്രമല്ല, സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്തിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു.
വയനാടൻ ജനത അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് കൊണ്ട് നവംബർ 13 തിങ്കളാഴ്ച അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. നയിക്കുന്ന ചുരം പദയാത്ര യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. അഡ്വ. ടി. സിദ്ദിഖ് എം.എൽ.എക്ക് പതാക കൈമാറി കൊണ്ട് കെ. മുരളീധരൻ എം.പി. ഉദ്‌ഘാടനം നിർവഹിക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പദയാത്രയിൽ ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും, ത്രിതല പഞ്ചായത്ത് – മുനിസിപ്പൽ ജനപ്രതിനിധികൾ, സഹകരണ സംഘം ഡയറക്ടർമാർ എന്നിവരും പങ്കെടുക്കും. പരിപാടി വന്‍ വിജയമാക്കി തീർക്കുന്നതിന് വേണ്ടി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അറിയിച്ചു. നാഷണൽ ഹൈവേയിലുള്ള രാതിയാത്രാ നിരോധനം വയനാടിന്‍റെ വികസനത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഇത് വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി വന്യമൃഗങ്ങള്‍ക്ക് സ്വൈര്യവിഹാരം നടത്തുന്നതിന് ഉതകുന്ന രീതിയില്‍ ഒരു എലിവേറ്റര്‍ പാത നിർമ്മിക്കുന്നതിന് കര്‍ണാടക സർക്കാരുമായി ചർച്ച നടത്തുമെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം അറിയിക്കുന്നു.





Leave a Reply