അനധികൃത വയറിംഗിനെതിരെ കർശന നടപടിയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും കെ എസ് ഇബിയും
കൽപ്പറ്റ : സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (മെഷേഴ്‌സ് റിലേറ്റിംഗ് റ്റു സേഫ്റ്റി ആൻറ് ഇലക്ട്രിക് സപ്ലൈ) റഗുലേഷൻസ്, 2023 അനുസരിച്ച് സർക്കാർ നൽകുന്ന അംഗീകൃത ഇലക്ട്രിക്കൽ കോൺട്രാക്‌ടർ ലൈസൻസുള്ളവർ മാത്രമേ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുവാൻ പാടുള്ളൂ എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ.വൈദ്യുതീകരണ ജോലി ലൈസൻസുള്ളവരെയാണ് ഏൽപ്പിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് വീട്/സ്ഥാപന ഉടമയുടെ ഉത്തരവാദിത്വമാണ്.
സംരക്ഷ (https://samraksha.ceikerala.gov.in) കോൺട്രാക്‌ടറുടെ ലൈസൻസ് സാധുത സംബന്ധിച്ച വിവരങ്ങൾ ആർക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.അംഗീകൃത ലൈസൻസില്ലാത്തവർ ചെയ്യുന്ന വൈദ്യുതീകരണം അനധികൃതമായി കണക്കാക്കുന്നതാണ്. അത്തരം പ്രവണതകൾ കണ്ടെത്തുന്നപക്ഷം നടപടികൾ സ്വീകരിക്കുന്നതിന് കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചനീയർ അദ്ധ്യക്ഷനും ഇലക്ട്രിക്കൽ ഇൻസ്പെക്‌ടർ കൺവീനറുമായി ജില്ലാതല കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.നിർദിഷ്ട ലൈസൻസില്ലാത്തവരാണ് വൈദ്യുതീകരണം നടത്തുന്നതെന്ന് കണ്ടെത്തുന്നപക്ഷം അത്തരം സ്ഥാപനങ്ങൾക്ക്/വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നത് വിലക്കുന്നതും അനധികൃത വയറിംഗ് ക്രമപ്പെടുത്തുന്നതിന് കൂട്ടുനിൽക്കുന്ന കോൺട്രാക്‌ടർമാർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കുന്നതുമാണ്.
നിർദിഷ്ട യോഗ്യതയില്ലാത്തവർ ചെയ്യുന്ന വൈദ്യുതീകരണം മാരകമായ അപകടം, തീപിടുത്തം എന്നിവക്ക് കാരണമായേക്കാമെന്നതിനാൽ, വൈദ്യുത സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി, വൈദ്യുതാപകടങ്ങൾ കുറക്കുന്നതിനായുള്ള ഈ നടപടികളിൽ പൊതുജനങ്ങളുടേയും ബന്ധപ്പെട്ടവരുടേയും പരിപൂർണ്ണ സഹകരണം ഇതിനാവശ്യം ആണെന്നും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു .





Leave a Reply