August 2, 2026

അടിക്കാട് വെട്ടല്‍; വനം ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് കോടതി ജനുവരി ആറിന് പരിഗണിക്കും

0
20231212 172351
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍(ഇഎഫ്എല്‍)ഉള്‍പ്പെട്ട ഭൂമിയില്‍ അതിക്രമിച്ചുകയറി അടിക്കാട് വെട്ടിയെന്നു ആരോപിച്ച് കേസെടുത്ത വനപാലര്‍ക്കെതിരേ കോഴിക്കോട് ബിലാത്തിക്കുളം കാരാട്ട് കെ.ഷാജിര്‍ അറാഫത്ത് ഫയല്‍ ചെയ്ത കേസ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജനുവരി ആറിന് പരിഗണിക്കും. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍, വൈത്തിരി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി കോഴിക്കോട് ബാറിലെ അഡ്വ.പി. അബ്ദുള്‍നാസര്‍ മുഖേന ഇക്കഴിഞ്ഞ ജൂണ്‍ 27ന് ഫയല്‍ ചെയ്ത കേസാണ് കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. കുറ്റകരമായ ഗൂഢാലോചന ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വനം ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്.

വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍പ്പെട്ട അറമലയിലെ 1.75 ഏക്കര്‍ ഭൂമിയില്‍ അതിക്രമിച്ചുകയറി അടിക്കാട് വെട്ടി സര്‍ക്കാരിന് 500 രൂപ നഷ്ടമുണ്ടാക്കിയെന്നുകാണിച്ചാണ് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനില്‍ തനിക്കെതിരേ കേസെടുത്തതെന്നു ഷാജിര്‍ അറാഫത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുന്നത്തിടവക വില്ലേജില്‍ തന്റെ കൈവശമുള്ളത് ഇഎഫ്എല്‍ ഭൂമിയല്ല. സ്ഥലത്തിന്റെ അതിരുകളില്‍ വനമോ പരിസ്ഥിതി ലോല ഭൂപ്രദേശമോ ഇല്ല. പുരയിടത്തിന്റെ സ്‌കെച്ചും പ്രവൃത്തികള്‍ നടത്തുന്നതിനുള്ള നിരാക്ഷേപ പത്രവും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ 2014ല്‍ അന്നത്തെ സൗത്ത് വയനാട് ഡിഎഫ്ഒ അനുവദിച്ചിട്ടുണ്ട്. ഇതേ ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റത്തിനു ഉത്തരവ് ലഭിച്ചിരിക്കെ കള്ളരേഖകളുണ്ടാക്കി അതിരുകള്‍ തെറ്റായി കാണിച്ച് പുരയിടം ഇഎഫ്എല്‍ പരിധിയില്‍പ്പെടുത്തുന്നതിനു ശിപാര്‍ശ ചെയ്തു. ഡിഎഫ്ഒയുടെ നടപടിക്കെതിരായ ഹരജിയില്‍ ഇഎല്‍എല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍നിന്നു 2020 ജൂണില്‍ അനുകൂല ഉത്തരവുണ്ടായി. 8,118 രൂപ ചെലവ് സഹിതമാണ് കേസ് വിധിയായത്. ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്ന കേസിലും അനുകൂല വിധിയാണ് ലഭിച്ചത്. എന്നിരിക്കെയാണ് അടിക്കാട് വെട്ടിയെന്നു കാണിച്ച് വനം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഏപ്രില്‍ 21ന് കള്ളക്കേസെടുത്തത്.

ഭൂമി ഇഎഫ്എല്ലില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതിനു കൈക്കൂലി ആവശ്യപ്പെട്ട വനം ഉദ്യോഗസ്ഥനെതിരേ 2020ല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയ ഈ പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദത്തിനു വഴങ്ങാത്തതിനാണ് കള്ളക്കേസ് എടുത്തത്. ഇതിനെതിരേ വനം മന്ത്രിക്കു നല്‍കിയ പരാതി വിജിലന്‍സ് അന്വേഷണത്തിനു വിട്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്റെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ല. ഈ ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതലയില്‍നിന്നു നീക്കുന്നതിനു കഴിഞ്ഞ ഓഗസ്റ്റ് 17ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഷാജിര്‍ അറാഫത്ത് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *