കബനി നദിക്ക് കുറുകെ പാലം-പുതിയ അലൈൻമെന്റ് സമർപ്പിച്ചു.
മാനന്തവാടി : കേരള കർണാടക അതിർത്തിയായ ബൈരക്കുപ്പയിൽ കബനി നദിക്ക് കുറുകെ പാലം പണിയുന്നതിന് പ്രധാന തടസ്സമായി പറയുന്നത് തുടർന്നുവരുന്ന റോഡ് വനത്തിലൂടെ കടന്നു പോകുന്നുവെന്നതായിരുന്നു. ഇക്കാരണം കൊണ്ടാണ് കർണാടക സർക്കാർ പാലം പണിയുന്നതിന് താൽപര്യം പ്രകടിപ്പിക്കാത്തത്.
എന്നാൽ ബൈരക്കുപ്പയിൽ നിന്നും 5 കിലോമീറ്റർ താഴെ മരക്കടവ് തോണിക്കടവിൽ പാലം പണിയുന്ന പക്ഷം ഈ പ്രശ്നത്തിന് തീർത്തും പരിഹാരമാകുന്നതാണ്.
കബനി നദിക്ക് അക്കരെ കർണാടക അതിർത്തിയിലെ റവന്യൂ ഭൂമിയിലൂടെ മാത്രം കടന്നുപോകുന്ന തീരദേശ റോഡിലേക്ക് കൂട്ടിമുട്ടുന്നതിനാൽ ഒരിഞ്ച് പോലും വനമേഖലയെ സ്പർശിക്കാതെ കടന്നു പോകാൻ സാധിക്കുന്നതാണ്.
ബൈരക്കുപ്പയിൽ പാലം പണിയുന്നതിന് എതിർപ്പുള്ള പക്ഷം മരക്കടവിലേക്ക് മാറ്റി പുതിയ അലൈൻമെന്റ് തയ്യാറാക്കി അവിടെ പാലം പണിയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുൽപ്പള്ളി മർച്ചന്റ്സ് അസോസിയേഷൻ ബഹു. രാഹുൽ ഗാന്ധി എം.പി.ക്ക് നിവേദനം നൽകി.
സ്ഥിരമായി തടയണ നിർമ്മിക്കുന്ന മരക്കടവ് തോണിക്കടവിൽ താരതമ്യേന ആഴക്കുറവുള്ളതിനാലും, പാറക്കെട്ടുകൾ സമൃദ്ധമായി ഉള്ളതിനാലും ഏറ്റവും കുറഞ്ഞ ചിലവിൽ ഇവിടെ പാലം പണിയാൻ സാധിക്കുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി.കേരള അതിർത്തിയിൽ നിലവിൽ മരക്കടവ് വരെ നല്ല റോഡ് ഉള്ളതും കർണാടകയിലേക്ക് കടന്നാൽ റവന്യൂ ഭൂമിയിലൂടെ മാത്രം കടന്നുപോകുന്ന പഴയ ടാറിങ് ചെയ്ത തീരദേശ റോഡ് നിലവിലുള്ളതുമാണ്.
ബൈരക്കുപ്പ പഞ്ചായത്തിലുള്ളവർ നിലവിൽ 40 കിലോമീറ്റർ യാത്ര ചെയ്ത് മാനന്തവാടിയിലോ, അതിലധികം ദൂരം സഞ്ചരിച്ച് എച്ച്.ഡി.കോട്ടയിലോ പോയിട്ടാണ് തങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. മരക്കടവിൽ പാലം പണിയുന്നതിലൂടെ ബൈരക്കുപ്പ പഞ്ചായത്തിലെ ഗ്രാമവാസികൾക്ക് കേവലം 10 കിലോമീറ്റർ സഞ്ചരിച്ചാൽ ഏറ്റവും അടുത്തുള്ള ടൗണായ പുൽപ്പള്ളിയിലേക്ക് എളുപ്പത്തിൽ കടന്നു വരാൻ സാധിക്കും.
കേരളത്തിലെയും കർണാടകത്തിലേയും കർഷകർക്ക് തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ പരസ്പരം കൈമാറ്റം ചെയ്യാനും ഈ പാലം വളരെയധികം ഉപകരിക്കുന്നതാണ്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കർണാടക അതിർത്തിയിലെ കർഷകർക്ക് തങ്ങളുടെ കാർഷികോല്പന്നങ്ങൾ കേരളത്തിലേക്ക് വളരെ ചെലവ് കുറഞ്ഞ രീതിയിൽ കൊണ്ടുവരാനും,കേരളത്തിലെ നാണ്യവിളകൾ കർണാടകയിലുള്ളവർക്ക് ചുരുങ്ങിയ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്നതുമാണ്.കാർഷികോല്പന്നങ്ങളുടെ കൈമാറ്റത്തോടൊപ്പം,തൊഴിലില്ലാതെ വിഷമിക്കുന്ന കർണാടക അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക്, രൂക്ഷമായ തൊഴിലാളിക്ഷാമം നേരിടുന്ന കാർഷിക കേരളത്തിൽ ധാരാളം തൊഴിൽ ലഭ്യമാക്കാനും സാധിക്കുന്നതാണ്.
മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മരക്കടവ് ഭാഗത്ത് പാലം പണിയുന്ന പക്ഷം ഏറ്റവും കുറഞ്ഞ ദൂരം യാത്ര ചെയ്തു മൈസൂരിൽ എത്തിച്ചേരാൻ സാധിക്കും.
ഈ വസ്തുതകൾ വളരെ വിശദമായി ബഹുമാനപ്പെട്ട രാഹുൽഗാന്ധി എം.പി.യെയും, കെ.സി. വേണുഗോപാൽ എം.പി.യേയും ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് മാത്യു മത്തായി ആതിര അറിയിച്ചു.ബത്തേരി രൂപത ബിഷപ്പ് ജോസഫ് മാർ തോമസ്,സുൽത്താൻബത്തേരി ഭദ്രാസനാധിപൻ Dr.ഗീവർഗീസ് മാർ ബർണബാസ്,എന്നിവരെ കൂടാതെ ശ്രീ.ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ശ്രീ.N.D.അപ്പച്ചൻ,ജില്ലാ പഞ്ചായത്ത് മെമ്പർ ബീന ജോസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ Adv.പി. ഡി.സജി,ഫാ.സെബാസ്റ്റ്യൻ
കീപ്പള്ളിൽ എന്നിവരുൾപ്പെട്ട സംഘത്തോടൊപ്പമായിരുന്നു നിവേദനം നൽകിയത്.





Leave a Reply