August 2, 2026

ഇടതു സര്‍ക്കാര്‍ സമസ്ത മേഖലയിലും തികഞ്ഞ പരാജയം: എന്‍.ഡി അപ്പച്ചന്‍

0
20231213 185920
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സമസ്ത മേഖലയിലും ദുരിതം വിതച്ച ഇടതു സര്‍ക്കാര്‍ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ എക്‌സ് എം.എല്‍.എ അഭിപ്രായപ്പെട്ടു. സാധാരണ ജനവിഭാഗത്തിന്റെ ജീവിതം ദുസ്സഹമായിരിക്കുകയാണ്, തൊഴില്‍ മേഖലകളെല്ലാം തകര്‍ന്നിരിക്കുകയാണ്, ജീവനക്കാരും അധ്യാപകരും നിലവിലുള്ള ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പോലും കോടതി കയറേണ്ട സ്ഥിതി വിശേഷമാണ്. ഈ സാഹചര്യത്തിലാണ് സെറ്റോയുടെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിന്റെ മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് നടത്തുന്ന അതിജീവന യാത്ര എല്ലാവരും ഏറ്റെടുക്കുമെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.കുടിശ്ശികയായ ആറു ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സെറ്റോയുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും 2024 ജനുവരി 24-ന് പണിമുടക്കുന്നത്. പണിമുടക്ക് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന ചെയര്‍മാന്‍ ചവറ ജയകുമാര്‍ ക്യാപ്റ്റനും, കെ.അബ്ദുള്‍ മജീദ് വൈസ് ക്യാപ്റ്റനും, കെ.സി.സുബ്രഹ്മണ്യന്‍ മാനേജറുമായിട്ടുള്ള അതിജീവന യാത്ര ഡിസംബര്‍ 11-ന് കാസറഗോഡ് നിന്നും ആരംഭിച്ച് ഡിസംബര്‍ 21-ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.സെറ്റോ ജില്ലാ ചെയര്‍മാന്‍ മോബിഷ് പി.തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തിന് ജില്ലാ കണ്‍വീനര്‍ പി.എസ് ഗിരീഷ്‌കുമാര്‍ സ്വാഗതം ആശംസിച്ചു. കാസറഗോഡു നിന്നും ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ അധ്യാപകരുടേയും ജീവനക്കാരുടേയും സര്‍വാത്മനായുള്ള പിന്തുണ ജാഥക്ക് ലഭിക്കുന്നത് തന്നെ സിവില്‍ സര്‍വീസ് മേഖലയിലെ എതിര്‍പ്പിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് മറുപടി പ്രസംഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ ചവറ ജയകുമാര്‍, വൈസ് ക്യാപ്റ്റന്‍ കെ.അബ്ദുള്‍ മജീദ് എന്നിവര്‍ പറഞ്ഞു. സിവില്‍ സര്‍വീസ് മേഖലയുടെ നിലനില്‍പ്പിന് അനിവാര്യമായ പണിമുടക്ക് ജീവനക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.സ്വീകരണ സമ്മേളനത്തില്‍ മുന്‍ ഡി.സി.സി പ്രസിഡണ്ട് കെ.എല്‍.പൗലോസ്, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി, കെ.പി.സി.സി അംഗം കെ.ഇ.വിനയന്‍ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജന സെക്രട്ടറി എ.എം ജാഫര്‍ഖാന്‍, എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് അരുണ്‍കുമാര്‍, എം.ജെ.തോമസ് ഹെര്‍ബിറ്റ്, ജി.എസ്. ഉമാശങ്കര്‍, എ.പി.സുനില്‍, വി.പി.ദിനേശ്, കെ.കെ.രാജേഷ്ഖന്ന, എം പി.ഷനിജ്, കെ.ആര്‍.ബിനീഷ്, ഷാജു ജോണ്‍, വി.സി.സത്യന്‍, കബീര്‍ കുന്നമ്പറ്റ, സിജോ പൗലോസ്, റോണി സെബാസ്റ്റ്യന്‍, കെ.ടി.നസീര്‍, സി.എച്ച്.നാസര്‍, പി. സഫ്വാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റനെ കെ.ശശികുമാര്‍, ഗിരീഷ് കല്‍പ്പറ്റ, ഹര്‍ഷല്‍ കോന്നാടന്‍, ഡിന്റോ ജോസ്, ഹനീഫ ചിറക്കല്‍, കെ.എ.മുജീബ്, ടി.എം.അനൂപ്, പി.ജെ.ഷൈജു, കെ.ടി.ഷാജി, എന്‍.ജെ. ഷിബു, ടി.അജിത്ത്കുമാര്‍, പി.സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *