പുഷ്‌പോത്സവം: വിളംബര റാലി നാളെ
കല്‍പ്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 34-ാമത് വയനാട് പുഷ്‌പോത്സവം നാളെ മുതല്‍ ജനുവരി 10 വരെ ബൈപാസ് ഗ്രൗണ്ടില്‍ നടത്തും. പുഷ്‌പോത്സവം വിളംബരം ചെയ്ത് നാളെ വൈകുന്നേരം നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്തുനിന്ന് ഫഌവര്‍ഷോ ഗ്രൗണ്ടിലേക്ക് ഘോഷയാത്ര നടത്തും. കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ ക്ലബ്-സൊസൈറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ഘോഷയാത്രയില്‍ ശിങ്കാരിമേളം, പൂക്കാവടി, നാസിക് ഡോള്‍, ചീനിയും തുടിയും തുടങ്ങിയ കലാരൂപങ്ങള്‍ ഉണ്ടാകും. വൈകുന്നേരം ആറിന് പുഷ്‌പോത്സവം ഉദ്ഘാടനം ടി. സിദ്ദീഖ് എംഎല്‍എ നിര്‍വഹിക്കും. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിക്കും.
ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് പുഷ്‌പോത്സവ നഗരയില്‍ സന്ദര്‍ശകരെ അനുവദിക്കുകയെന്ന് സൊസൈറ്റി വൈസ് ചെയര്‍മാന്‍ ജോണി പാറ്റാനി, ജനറല്‍ കണ്‍വീനര്‍ കെ.എസ്. രമേശ്, കണ്‍വീനര്‍ എം.എ. ബിമല്‍കുമാര്‍, ജോയിന്റ് കണ്‍വീനര്‍മാരായ വി.പി. രത്‌നരാജ്, മോഹന്‍ രവി, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഒ.എ. വീരേന്ദ്രകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുതിര്‍ന്നയാള്‍ക്കു 70ഉം കുട്ടിക്കു 30 ഉം രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രധാനാധ്യാപകരുടെ സാക്ഷ്യപത്രം സഹിതം സംഘമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കു പ്രത്യേക ഇളവ് ഉണ്ടാകും.
ആയിരത്തിലധികം ഇനം പൂക്കള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനമായിരിക്കും പുഷ്‌പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ഹെലികോട്പറ്റര്‍ യാത്രയ്ക്കും നഗരത്തിലൂടെ കുതിരവണ്ടി യാത്രയ്ക്കും സൗകര്യം ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാമത്സരവും വീട്ടമ്മമാര്‍ക്ക് വെജിറ്റബിള്‍ കാര്‍വിംഗ്, ഫഌവര്‍ അറേഞ്ച്‌മെന്റ് മത്സരങ്ങളും നടത്തും. പുഷ്‌പോത്സവദിനങ്ങളില്‍ നഗരത്തില്‍ ഏറ്റവും മികച്ചരീതിയില്‍ അലങ്കരിക്കുന്ന കടയുടെ ഉടമയ്ക്കു സമ്മാനം നല്‍കും.
കൃഷി വകുപ്പ്, അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, കോഫി ബോര്‍ഡ് എന്നിവയുടെ പിന്തുണയോടെയാണ് പുഷ്‌പോത്സവം സംഘാടനം. ദിവസവും സായാഹ്‌നത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകുമെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.





Leave a Reply