നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക് ആരംഭിച്ചു
വെള്ളമുണ്ട:കുടുംബശ്രീ കാർഷിക ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങൾക്ക് വിപണനം ഉറപ്പാക്കുന്ന നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക്കുകൾ ജില്ലയിൽ ആരംഭിച്ചു. വെള്ളമുണ്ട,കോട്ടത്തറ, അമ്പലവയൽ,മൂപ്പൈനാട് എന്നീ സി ഡി എസ്‌കളുടെ നേതൃത്വത്തിൽ ആണ് കുടുംബശ്രീ ജില്ലാ മിഷൻ കിയോസ്ക്കുകൾ ആരംഭിച്ചത്. ജില്ലയിലെ കുടുംബശ്രീ കാർഷിക ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി ഉറപ്പാക്കാൻ ഇത് വഴി കഴിയും. പച്ചക്കറി ഉത്പന്നങ്ങൾക്ക് പുറമെ പാൽ, മുട്ട, സൂക്ഷ്മ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയും കിയോസ്കുകളിലൂടെ ലഭ്യമാകും. സംസ്ഥാനത്തുടനീളം നൂറു ഔട്ലെറ്റുകൾ ആണ് ഈ മാസം ആരംഭിക്കുന്നത്.
വെള്ളമുണ്ട സി ഡി എസിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയും മൂപ്പൈനാട് കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, അമ്പലവയൽ സി ഡി എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, കോട്ടത്തറയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് എന്നിവർ കിയോസ്ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളമുണ്ടയിൽ ചെറുവയൽ രാമൻ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, എഡി എം സി മാരായ സലീന പി എം, വി കെ റജീന, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ എന്നിവർ ഉദ്ഘാടന പരിപാടികളിൽ സന്നിഹിതരായിരുന്നു. 27 ന് കണിയാമ്പറ്റയിൽ കിയോസ്ക് ആരംഭിക്കുന്നതോടെ ജില്ലയിൽ അഞ്ചെണ്ണം പൂർത്തീകരിക്കും.
Leave a Reply