ശമ്പള വിതരണത്തിലെ അനിശ്ചിതത്വം തുടരുന്നു; തുടർ പ്രക്ഷോഭങ്ങളുമായി കേരള എൻ.ജി.ഒ അസോസിയേഷൻ
മാനന്തവാടി: മാർച്ച് മാസം ആറാം തിയതി ആയിട്ടും ജീവനക്കാരുടെ ശമ്പള വിതരണത്തിലെ അനിശ്ചിതത്വം തീരാത്തതിൽ പ്രതിഷേധിച്ച് തുടർപ്രക്ഷോഭങ്ങളുമായി കേരള എൻ.ജി.ഒ അസോസിയേഷൻ താലൂക്ക് ഓഫീസുകൾക്കു മുന്നിൽ അവകാശ ചങ്ങല തീർത്തു. ലോൺ തിരിച്ചടവുകൾ മുടങ്ങിയ ജീവനക്കാർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. എട്ട് വർഷമായി കവർന്നെടുക്കപ്പെട്ട ആനുകൂല്യങ്ങളൊന്നും പുനസ്ഥാപിക്കാത്ത സർക്കാർ ശമ്പളം പോലും സമയബന്ധിതമായി വിതരണം ചെയ്യാത്തത് ജീവനക്കാരെ അപഹസിക്കുന്നതിന് തുല്യമാണെന്ന് മാനന്തവാടി താലൂക്ക് ഓഫീസിനു മുന്നിലെ അവകാശ ചങ്ങല ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് പറഞ്ഞു.
സമയബന്ധിതമായി ശമ്പളം വിതരണം ചെയ്യുക, മൂന്ന് വർഷമായി കുടിശ്ശികയായ ക്ഷാമബത്ത വിതരണം ചെയ്യുക, നാല് വർഷം തടഞ്ഞുവെച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക, 2019- ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു വൈത്തിരി താലൂക്കിൽ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ.ഷിബു, ജില്ലാ ട്രഷറർ കെ.ടി.ഷാജി, ഇ.എസ് ബെന്നി, സജി ജോൺ, സി.കെ.ജിതേഷ്, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, എൻ.വി അഗസ്റ്റിൻ, ലൈജു ചാക്കോ, ബെൻസി ജേക്കബ്, എം. നസീമ, സി.എച്ച് റഫീഖ്, എം എ ബൈജു, സിനീഷ് ജോസഫ്, കെ. ബിജുല, ആർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ശരത് ശശിധരൻ, വി.എ. ജംഷീർ, ശിവൻ പുതുശ്ശേരി, ബേബി പേടപ്പാട്, ജോസ് എ റജീസ് കെ. തോമസ്, എ സമീർ, അബ്ദുൾ മുനീർ തുടങ്ങിയവർ നേതൃത്വം നൽകി





Leave a Reply