June 17, 2026

തൊഴിലുറപ്പ് പദ്ധതിയും തടയില്ലാത്ത തടയണയും 

0
Img 20240506 122149
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തോടുകളിലെ തടയണ നിർമാണം നടത്തി. എന്നാൽ ഇത് പൂർണമായും പാഴായ പണിയെന്നാണ് വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയരുന്നത്. തോടുകൾ പൂർണമായും വറ്റി വരണ്ടപ്പോഴണ് തെങ്ങോലയും മണ്ണുമുപയോഗിച്ചു ജലസംഭരണത്തിനു ചെറുതടയണകളുണ്ടാക്കുന്നത്. നല്ലൊരുമഴ പെയ്താൽ ഇവയല്ലാം മണൽത്തരി ശേഷിക്കാതെ ഒഴുകിപോകുമെന്നു നാട്ടുകാർ പറയുന്നു.വേനലിൽ തോടുകളിലെ നീരൊഴുക്കു നിലയ്ക്കുന്നതിനു മുൻപേ തടയണകൾ നിർമിച്ച് ജലസംഭരണം നടത്തേണ്ടിയിരുന്ന സ്‌ഥാനത്താണു വരണ്ടുകിടക്കുന്ന തോടുകളിൽ പത്ത് മീറ്റർ അകലത്തിൽ നൂറുകണക്കിന് ചെറുതടയണകൾ നിർമിക്കുന്നത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ചെറ്റപ്പാലത്തു നിന്നാരംഭിച്ച് കന്നാരംപുഴയിലെത്തുന്ന മുദ്ദള്ളി തോട്ടിൽ മാത്രം തടയണ നിർമാണത്തിനുള്ളത് ഏതാണ്ട് 5,200 തൊഴിൽ ദിനങ്ങളാണ്.

തോടിന്റെ സമീപപ്രദേശങ്ങളിലെ 4 വാർഡുകാർക്കാണ് ജോലി. ഓരോ വാർഡുകാർക്കും 1,300 തൊഴിൽ ദിനങ്ങൾ വീതം. കന്നാരംപുഴ മുതൽ പള്ളിത്താഴെ വരെയുള്ള സുമാർ 2.5 കിലോമീറ്റർ ദൂരത്തിലാണു നിർമാണം. കൃഷിത്തകർച്ച മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ മേഖലയിൽ തൊഴിലാളികൾക്കു കൂലി കിട്ടുമെന്നതു മാത്രമാണ് ആശ്വാസം. തോടിനു സമീപത്തെ പറമ്പുകളിൽ നിന്നു പെറുക്കിയെടുക്കുന്ന തെങ്ങോലകളും മറ്റും തോടിനു കുറുകെ മരക്കമ്പുകളിലുറപ്പിച്ച് അതിലേക്ക് തോട്ടിലെ മണലും ചളിയും നിറച്ചാണു തടയണകളൊരുക്കുന്നത്. നല്ല മഴ പെയ്താൽ തടയണകൾ നശിക്കും. പത്ത് മീറ്റർ അകലത്തിൽ വാരിയിട്ട ഓലയും മരക്കമ്പുകളും കുത്തിയൊഴുകി സമീപത്തെ വലിയ തടയണകളിൽ നിറയുകയും ചെയ്യും.

തോടുകളുടെ സംഭരണശേഷി ഉയർത്താനോ തടയണകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനോ തൊഴിൽദിനങ്ങൾ ഉപയോഗിക്കാമായിരുന്നുവെന്നും ജലസേചനത്തിന് ഉപകാരപ്പെടാത്ത പ്രവൃത്തിയാണിതെന്നും തൊഴിലാളികളും പറയുന്നു. എന്നാൽ, ഗ്രാമസഭയിലടക്കം ചർച്ച ചെയ്ത് അനുമതി വാങ്ങിയ പ്രവൃത്തിയാണിതെന്നും ഈ സമയത്ത് വേറെ ജോലിയില്ലെന്നും പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നു. പദ്ധതിയിലെ തൊഴിലുകൾ പഞ്ചായത്തല്ല തീരുമാനിക്കുന്നത്. കൃഷിയിടങ്ങളിൽ മഴക്കുഴി നിർമാണമടക്കമുള്ള പദ്ധതിയോട് കർഷകർ എതിർപ്പ് പറയാറുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്നു കൃഷിനാശം ഉണ്ടാകുന്നതാണ് കാരണം. മഴ പെയ്‌താലേ കൃഷിയിടങ്ങളിലെ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിക്കൂവെന്നും അധികൃതർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *