May 25, 2024

വന്യമൃഗാക്രമണത്തിൽ മനുഷ്യർക്ക് ജീവൻ നഷ്ടമാകുന്നു: വനം വകുപ്പും സർക്കാരും നിസംഗതയിൽ: എൻഡി അപ്പച്ചൻ 

0
Img 20240511 114345

മാനന്തവാടി: വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടമാകുമ്പോഴും പരിഹാരം കാണേണ്ട വനംവകുപ്പും, സർക്കാരും നിസംഗതയിലാണെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ആരോപിച്ചു. കാട്ടാനകളുടെയും കടുവയും ആക്രമണത്തിൽ നിരവധിപേരുടെ ജീവനുകളാണ് സമീപകാലത്ത് നഷ്ടമായത്. ജീവഹാനിയും, വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുമ്പോഴും, കൃഷിനാശമുണ്ടാകുമ്പോഴും ജനങ്ങളും രാഷ്ട്രീയപാർട്ടികളും സംഘടിച്ച് പ്രതിഷേധിക്കുമ്പോൾ മാത്രമാണ് വനംവകുപ്പ് എന്തെങ്കിലും ചെയ്യാൻ തയ്യാറാകുന്നത്.

വനംവകുപ്പ് മന്ത്രി സമ്പൂർണ പരാജയമാണെന്ന് നിരന്തരമായി തെളിയിച്ചിട്ടും അദ്ദേഹത്തെ തത്സ്ഥാനം തത്സഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ തയ്യാറാകുന്നില്ല. ഏറ്റവുമൊടുവിൽ മാനന്തവാടി താലൂക്കിലെ തലപ്പുഴ ചിറക്കര മേഖലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി പശുക്കിടാവിനെ കൊന്നിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ട്. കൂട് വെച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ വനംവകുപ്പ് ഇതിന് തയ്യാറാകുന്നില്ല.

തോട്ടം തൊഴിലാളികൾ ജീവൻ പണയം വെച്ചാണ് ഇപ്പോൾ ഈ മേഖലയിൽ ജോലിക്കിറങ്ങുന്നത്. വന്യമൃഗ ശല്യത്തിനെതിരെ വയനാട് ഇതിന് മുമ്പ് കാണാത്ത രീതിയിലുള്ള പ്രതിഷേധങ്ങളായിരുന്നു സമീപകാലത്ത് ജില്ലയിൽ നടന്നത്. എന്നാൽ സർക്കാർ ഇതൊന്നും കാണുന്നില്ല. ജില്ലയുടെ ചുമതലയുണ്ടായിട്ടും വനംമന്ത്രി ഈ വിഷയങ്ങളിലൊന്നും ഇടപെടാൻ തയ്യാറാകുന്നില്ല.

വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷ്, തോൽപ്പെട്ടി സ്വദേശി ലക്ഷ്‌മണൻ, മേപ്പാടി കുഞ്ഞവറാൻ, ചാലിഗദ്ദ അജീഷ്, പാക്കം പോൾ എന്നിങ്ങനെ നിരവധി പേർക്കാണ് സമീപകാലത്ത് വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഏറ്റവുമൊടുവിൽ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നടവയൽ പുലയംപറമ്പിൽ ബെന്നി എന്ന കർഷകനും മരിച്ചുവെന്ന വാർത്തയാണ് കേൾക്കേണ്ടി വന്നത്.

ഇത്തരത്തിൽ നിരന്തരമായി ആളുകളുടെ ജീവൻ നഷ്ടമായിട്ടും മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാൻ വനംവകുപ്പോ, സർക്കാരോ തയ്യാറാകുന്നില്ല. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്ന കാര്യത്തിലും കാര്യക്ഷമമായ ഇടപെടലുകളുണ്ടാകുന്നില്ല. ജീവഹാനി സംഭവിക്കുമ്പോൾ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം, കൃഷിനാശമുണ്ടാകുമ്പോഴും വളർത്തുമൃഗങ്ങൾ നഷ്ടമാകുമ്പോഴുമുള്ള നഷ്ടപരിഹാരം എന്നിവ നാമമാത്രമാണ്.

ഇത് വർധിപ്പിക്കാനുള്ള നടപടികളും ഉണ്ടാകുന്നില്ല. ജില്ലയിൽ വനംവകുപ്പ് തന്നെ കുത്തഴിഞ്ഞ അവസ്ഥയിലാണ്. വേലി തന്നെ വിളവ് തിന്നുന്ന കാഴ്‌ചയാണ് ഇപ്പോൾ ജില്ലയിലെ വനംവകുപ്പിൽ കാണാൻ സാധിക്കുന്നത്. ആദിവാസികൾക്കായി നൽകിയ സുഗന്ധഗിരിയിലെ ഭൂമിയിൽ നിന്നും വനംവകുപ്പിന്റെ ഒത്താശയോടെയാണ് വ്യാപക മരംമുറി നടന്നത്. എന്നാൽ ചില ഉദ്യോഗസ്ഥർക്കെതിരെ മാത്രമാണ് നടപടിയെടുത്തത്.

ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സംരക്ഷിക്കുന്ന നടപടിയാണ് കണ്ടത്. ചെമ്പ്ര പീക്കിൽ സന്ദർശകരിൽ നിന്നും വാങ്ങിയ ലക്ഷങ്ങൾ യഥാസമയം ബാങ്കിലടക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളാണ്. അവിടെ വന സംരക്ഷണസമിതിയുൾപ്പെടെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന സാഹചര്യമാണുള്ളത്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും, വനംവകുപ്പിലെ അഴിമതിക്കുമെതിരെ അതിശക്തമായ പ്രക്ഷോഭമല്ലാതെ മറ്റ് വഴികളില്ലെന്നും അപ്പച്ചൻ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *